തീരുമാനം മാറ്റി : കാനഡയ്‌ക്ക് ഏര്‍പ്പെടുത്തിയ തീരുവ ട്രംപ് ഒരു മാസത്തേക്ക് മരവിപ്പിച്ചു
ഒട്ടാവ: കാനഡയ്‌ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്ക. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചത്. ഇക്കാര്യം ട്രൂഡോ തന്നെയാണ് എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സുരക്ഷ വർധിപ്പിക്കാനും ഇരുവരും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികൾക്ക് 25% ഉം, ഊർജ്ജ ഉൽപ്പന്നങ്ങൾക്ക് 10% ഉം തീരുവ ഏർപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് ശനിയാഴ്‌ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. ഇതിനുപിന്നാലെ അമേരിക്കയ്‌ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു. ഇത് ആഗോളതലത്തില്‍ വലിയ വ്യാപാര യുദ്ധത്തിലേക്ക് നയിക്കാൻ ഇടയുണ്ടെന്നും വിലയിരുത്തല്‍ ഉണ്ടായിരുന്നു.
ഇതിനിടെ ട്രംപും ജസ്‌റ്റിൻ ട്രൂഡോയും നടത്തിയ സംഭാഷണത്തിലാണ് താല്‍ക്കാലിക സമവായമുണ്ടായത്. അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി ഒരു “നല്ല ബന്ധം” പുലർത്തിയതായും അതിർത്തി സുരക്ഷയിൽ കൂടുതൽ സഹകരണം വാഗ്‌ദാനം ചെയ്‌തതായും ട്രൂഡോ എക്‌സില്‍ കുറിച്ചു.
“പ്രസിഡന്‍റ് ട്രംപുമായി ഞാൻ സംഭാഷണം നടത്തി. അതിർത്തിയില്‍ സുരക്ഷ ഉറപ്പുവരുത്താൻ കാനഡ 1.3 ബില്യൺ ഡോളറിന്‍റെ പദ്ധതി നടപ്പിലാക്കുകയാണ്. ഇതിനായി പുതിയ ഹെലികോപ്റ്ററുകൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ എന്നിവ ഉപയോഗിക്കും, ഞങ്ങളുടെ പങ്കാളിയായ അമേരിക്കയുമായി നല്ലൊരും ബന്ധം ഉണ്ടാക്കിയെടുക്കുകയും ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും.
ഫെന്റനൈലിന്‍റെ (മരുന്ന്, വ്യാപകമായി മയക്കുമരുന്ന് ആയി ദുരുപയോഗം ചെയ്യുന്ന വസ്‌തു) ഒഴുക്ക് തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 10,000 ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കും” അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതിര്‍ത്തി വഴി ഫൈന്‍റനൈല്‍ കടത്തുന്നത് പരമാവധി തടയുമെന്നും ട്രൂഡോ ഊന്നിപ്പറഞ്ഞു. “അതിര്‍ത്തിയില്‍ ഒരു ഫെന്‍റനൈൽ ഉദ്യോഗസ്ഥനെ കാനഡ നിയമിക്കും, ഫൈന്‍റനൈല്‍ കടത്തുന്നവരെ തീവ്രവാദികളായി പട്ടികപ്പെടുത്തും, അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കും,
സംഘടിത കുറ്റകൃത്യങ്ങൾ, ഫെന്‍റനൈൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കുന്നതിന് കാനഡ-യുഎസ് സംയുക്ത സ്‌ട്രൈക്ക് ഫോഴ്‌സ് ആരംഭിക്കും. സംഘടിത കുറ്റകൃത്യങ്ങളെയും ഫെന്‍റനൈലിനെയും കുറിച്ചുള്ള ഒരു പുതിയ ഇന്‍റലിജൻസ് റിപ്പോര്‍ട്ടിലും ഞാൻ ഒപ്പുവച്ചു, ഞങ്ങൾ അതിനെ 200 മില്യൺ ഡോളർ നൽകി പിന്തുണയ്ക്കും. അമേരിക്കയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നിർദ്ദിഷ്‌ട താരിഫുകൾ കുറഞ്ഞത് 30 ദിവസത്തേക്കെങ്കിലും താൽക്കാലികമായി നിർത്തും” എന്ന് ട്രൂഡോ കൂട്ടിച്ചേര്‍ത്തു. അതേസമയം മെക്‌സിക്കോയ്‌ക്ക് ഏര്‍പ്പെടുത്തിയ തീരുവയും ഒരു മാസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു.