“കാലത്തെ അതിജീവിക്കുന്ന മോചനമന്ത്രമാണ് ശ്രീനാരായണ ദർശനം – എൻ. കെ.പ്രേമചന്ദ്രൻ എം.പി.
നവിമുംബൈ : ശ്രീനാരായണ ദർശനം കാലാതീതവും മനുഷ്യമോചന മന്ത്രവുമാണെന്നും ആത്മീയ പൗരോഹിത്യത്തിൽ നിന്നും ആത്മീയ ജനാധിപത്യത്തിലേക്കുള്ള ആഹ്വാനം കൂടിയായിരുന്നു ശ്രീനാരായണ ദർശനമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന 24 -ാമത് ഗുരുദേവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ. ഗുരുദേവ ദർശനത്തിൻ്റെ ആഴവും പരപ്പും ഗുരുദേവൻ ജന്മമെടുത്ത കേരളത്തിലെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോൾ നടപ്പാക്കാനുദ്ദേശിക്കുന്ന നൈപുണ്യ വികസന പദ്ധതി പതിറ്റാണ്ടുകൾക്ക് മുമ്പ് ശ്രീനാരായണ ഗുരുദേവൻ നിർദ്ദേശിച്ചതാണ്. അതിനു വ്യക്തമായ ചരിത്ര രേഖകളുണ്ട്.
അതിപ്പോൾ കേന്ദ്ര സർക്കാരുകൾ ഏറ്റെടുത്തു നടപ്പാക്കുന്നു എന്ന കാര്യത്തിൽ സന്തോഷമുണ്ട്. പ്രേമചന്ദ്രൻ തുടർന്നു പറഞ്ഞു.
പൊതുസമ്മേളനത്തിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സംസാരിക്കുന്നു
ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചുള്ള പ്രവർത്തനമായിരുന്നു ഗുരുദേവന്റേത് എന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. മനുഷ്യ ജീവിത ഗന്ധികളായ വിഷയങ്ങളേറ്റെടുക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയും ചെയ്ത ഗുരുദേവൻ ഒരിക്കലും ദൈവത്തെക്കുറിച്ചോ ദേവാലയത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തിലൂടെ അന്ധത മാറ്റി സംഘടനയിലൂടെ ശക്തരാവുക എന്നാണു ഗുരുദേവൻ ഉപദേശിച്ചത് എന്നും സ്വാമി തുടർന്ന് പറഞ്ഞു.
ഘോഷയാത്രയിലും സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു.
ഇരുപത്തിനാലാമതു ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം നെരൂൾ നഗരത്തെ പീതാംബരമാക്കി.രാവിലെ 8 .30 നു പൊതുദർശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം ദർശിക്കാനും നിരവധി ഭക്തർ എത്തിയിരുന്നു. രാവിലെ 10 നു നെരൂൾ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാ ചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തർ അണിനിരന്നു. ഘോഷയാത്ര ഉച്ചയോടെ ഗുരുദേവഗിരിയിൽ എത്തിച്ചേർന്നപ്പോൾ മഹാഗുരുപൂജ ആരംഭിച്ചു. ഗുരുപൂജയ്ക്കു ശിവഗിരിമഠത്തിൽ നിന്നുള്ള സന്യാസിമാരായ സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ തീർഥ, ക്ഷേത്രം ശാന്തിമാരായ ഷിലൻ, രതീഷ്, വിഷ്ണു, അമൽരാജ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. പൂജയ്ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത സമൂഹസദ്യ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. എൻ. കെ. പ്രേമചന്ദ്രൻ എം. പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യാതിഥിയായിരുന്നു. ഗുരുധർമ്മപ്രചരണസഭ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ തീർഥ , പ്രൊഫ. ബ്രൂസ് റസ്സൽ യു. എസ്. എ., വി. ജി. പ്രേം, സമിതി മുൻ പ്രസിഡണ്ട് എൻ. ശശിധരൻ . വി. കെ. മുഹമ്മദ്, എൻ. മോഹൻദാസ് , വി. വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഓ. കെ. പ്രസാദ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.എം. എം. രാധാകൃഷ്ണൻ കൺവീനറായിട്ടുള്ള സമിതി ഈവന്റ് മാനേജ്‌മെന്റ് കമ്മറ്റിയായിരുന്നു പരിപാടികൾ നിയന്ത്രിച്ചത്. തീർത്ഥാടന ഘോഷയാത്രയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച യൂണിറ്റുകൾക്കായി ഏർപ്പെടുത്തിയ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം മീരാറോഡ്, ഐരോളി, ഉല്ലാസ്‌നഗർ എന്നീ യൂണിറ്റുകൾ കരസ്ഥമാക്കി.
ഉത്സവത്തിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ സമിതി യൂണിറ്റുകളിൽ നിന്നുള്ള കലാപരിപാടികളും ശനിയാഴ്ച സമിതി കലാവിഭാഗം അവതരിപ്പിച്ച ദേവാലയം നാടകവും ഉണ്ടായിരുന്നു. നാടകം കാണാൻ ആയിരത്തിലധികം പേര് എത്തിയിരുന്നു.
തീർത്ഥാടനത്തിൽ പങ്കെടുക്കാൻ വിദേശികളും…
ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിൽ പങ്കെടുക്കുന്നതിനും ഗുരുദേവൻ്റെ ദിവ്യദന്തം ദർശിക്കുന്നതിനുമായി USA ക്കാരായ ഗുരുദേവ ഭക്തരും എത്തി. യു.എസ്. നേവി ഇൻസ്റ്റിറ്റ്യൂട്ട് മുൻ റിസർച്ചർ പ്രൊഫ. ബ്രൂസ് ആർ. റസ്സലിൻ്റെ നേതൃത്വത്തിൽ അഡ്രിനേ സ്മിത്ത്, എഡ്വേർഡ് റേ ലയ്ലിൻ,ജാമിനിക്കോൾ എക്സ്റ്റൈൻ, റെനീസൂസൻ റോത്ത് എന്നിവരാണ് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവർ. USAയിലെ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ സംഘാടകരിൽ പ്രമുഖരും ആശ്രമത്തി ന്റെ കീഴിലുള്ള കൃശാന്തി എന്ന കൂട്ടായ്മയുടെ പ്രവർത്തകരുമാണിവർ. ഈ കൂട്ടായ്മയിൽ നടക്കുന്ന ഗുരുദേവ കൃതി പഠന ക്ലാസിലെ പഠിതാക്കളുമാണ് ഇവർ. ഇവിടെ എത്താനും ഗുരുദേവൻ്റെ ദിവ്യ ദന്തം ദർശിച്ച് തീർഥാടന മഹോത്സവത്തിൽ പങ്കെടുക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ബ്രൂസ് ആർ. റസ്സൽ പറഞ്ഞു.