ദേശീയ ഗെയിംസ് : കേരളത്തിന് ആറാം സ്വര്‍ണം
ഹൽദ്വാനി:ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിലെ വനിതാ വോളിബോൾ മത്സരത്തിൽ കേരളത്തിന് സ്വർണം. തമിഴ്നാടിനെ 3–2ന് തോല്‍പ്പിച്ചാണ് കേരളം ആറാം സ്വര്‍ണം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യ സെറ്റ് 25-19 ന് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. 25-22, 25-22 എന്നീ സ്‌കോറുകള്‍ക്കാണ് കേരളത്തിന്‍റെ വീഴ്‌ച. എന്നാല്‍ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ടതിനു ശേഷം വീണ്ടും കേരളം തിരിച്ചുവരവ് നടത്തി.നാലാം സെറ്റിൽ തമിഴ്‌നാടിനെ 25-14 ന് പരാജയപ്പെടുത്തി മത്സരം 2-2 ന് സമനിലയിലാക്കി. അഞ്ചാം സെറ്റിൽ കേരളം തമിഴ്‌നാടിനെ സമ്മർദ്ദത്തിലാക്കി പോയിന്‍റുകൾ ഒന്നിനുപുറകെ ഒന്നായി നേടി 15-7 ല്‍ സെറ്റ് നേടി സ്വർണ്ണ മെഡൽ നേടുകയായിരുന്നു. രാജസ്ഥാനും ചണ്ഡീഗഡും തമ്മില്‍ നടന്ന വെങ്കല പോരാട്ടത്തില്‍ 3-0 ന് രാജസ്ഥാൻ ജയിച്ചു. അതേസമയം പുരുഷ വോളിബോളില്‍ കേരളം വെള്ളി സ്വന്തമാക്കി.