‘കേരളം പിന്നാക്കമെന്ന് പ്രഖ്യാപിക്കൂ, സഹായം നൽകാം’;കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
തിരുവനന്തപുരം :കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ലെന്നും വിവാദ പരാമർശത്തിൽ ജോർജ്ജ് കുര്യൻ മാപ്പ് പറയണമെന്നും മന്ത്രി പറഞ്ഞു.
ജോർജ് കുര്യൻ്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും ആരോപിച്ചു.കേരളത്തിലെ വികസന പദ്ധതികൾ കേന്ദ്രം മാതൃകയാക്കിയതാണെന്ന് ഓർക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഇന്നലെ കേന്ദ്ര ബജറ്റിൽ വയനാടിന് പാക്കേജുകളൊന്നും പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി ജോർജ്ജ് കുര്യൻ്റെ മറുപടിയായാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന് പറയട്ടെ, അപ്പോൾ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്നും നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ബജറ്റിൽ അല്ല എയിംസ് പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ഇന്നലെ ജോർജ് കുര്യൻ പറഞ്ഞിരുന്നു.
ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹമെന്നും കേരളം ദരിദ്രകേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു . കേരള വിരുദ്ധനിലപാടാണ് കേന്ദ്രവും കേരളത്തിലെ ബിജെപിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മാനവവികസമ സൂചികയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളം മുൻപിലാണ്. എന്നാൽ ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയടക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് രമേശ് ചെന്നിത്തലയും രംഗത്തുവന്നു .കേരളത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയ ജോർജ്ജ് കുര്യൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.