“മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ആസൂത്രണം ചെയ്‌ത പദ്ധതി “

തിരുവനന്തപുരം : എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത് തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മറ്റൊരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ മദ്യനയ പ്രകാരമാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നോ മദ്യനിർമ്മാണശാല തുടങ്ങുന്നതെന്നോ ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്നും വിഡി സതീശൻ ആരോപിച്ചു.
മദ്യനയം മാറുംമുമ്പാണ് കമ്പനി അവിടെ സ്ഥലം വാങ്ങിയത്. മദ്യനയം മാറും എന്ന് അവരെങ്ങനെ അറിഞ്ഞു ? കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. ഡൽഹി മദ്യനയ കേസിൽ പ്രതിയാണ് കമ്പനി. ഈ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞില്ല. ഇതിന് പിന്നിൽ ദുരൂഹമായ ഇടപാടുകൾ നടന്നിട്ടുണ്ട്. ഭൂഗർഭ ജലം മലിനമാക്കിയതിലെ പ്രതിയാണ് ഓയാസിസ് കമ്പനി.ഈ പ്ലാന്റിന് ഒരു ദിവസം 50 ദശലക്ഷം മുതൽ 80 ദശലക്ഷം ലിറ്റർ വരെ വെള്ളം ആവശ്യമുണ്ട്, കമ്പനിക്ക് വേണ്ടി വാദിക്കുന്നത് മന്ത്രിയാണ്. കോൺഗ്രസിനേക്കാൾ നന്നായി കുടിവെള്ള പ്രശ്നത്തെ കുറിച്ച് അറിയാവുന്നത് സിപിഐക്കാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.