കെ.കെ ശൈലജയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കാൻ സാധ്യതയില്ല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോകുന്ന ഇടതുമുന്നണി കെ.കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കാൻ സാധ്യത കുറവെന്ന് വിവരം. കണ്ണൂരോ വടകരയിലോ കെ.കെ ശൈലജ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയത്. എന്നാൽ കണ്ണൂരിൽ എംവി ജയരാജനും വടകരയിൽ എ.പ്രദീപ് കുമാറും സിപിഎമ്മിന്റെ പ്രാഥമിക സ്ഥാർത്ഥി പട്ടികയിൽ ഉണ്ട്. ജില്ലാ കമ്മിറ്റി ചർച്ചകളിൽ ഇവരുടെ പേരുറപ്പിച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് കെകെ ശൈലജ ഉണ്ടാകില്ല. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യരെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
കോഴിക്കോട് മണ്ഡലത്തിൽ മുതിര്‍ന്ന നേതാവ് എളമരം കരീമിനൊപ്പം മേയർ ബീന ഫിലിപ്പിന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ആലത്തൂര്‍ മണ്ഡലത്തിൽ അദ്യ പരിഗണന മന്ത്രി കെ രാധാകൃഷ്ണന് തന്നെയാണ്. അതല്ലെങ്കിൽ പി.കെ ബിജു വീണ്ടുമിറങ്ങിയാലോ എന്നും ആലോചനയുണ്ട്. പാലക്കാട് എം സ്വരാജ് മത്സരിച്ചേക്കും. പൊന്നാനിയമൽ നറുക്ക് കെടി ജലീലിന് വീണേക്കും. പക്ഷെ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ വിയോജിപ്പ് മറികടക്കേണ്ടതുണ്ട്. കാസർകോട് ടിവി രാജേഷിന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പേരുമുണ്ട്. കൊല്ലത്ത് സിഎസ് സുജാതയും ഐഷാ പോറ്റിയും ലിസ്റ്റിലുണ്ട്, പത്തനംതിട്ടയിൽ തോമസ് ഐസകും ആലപ്പുറയിൽ ആരിഫും ഇടുക്കിയിൽ ജോയിസ് ജോര്‍ജ്ജും സീറ്റുറപ്പിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ മണ്ഡലത്തിൽ അവസാന റൗണ്ടിൽ ആദ്യ പരിഗണനയിലുള്ള പേര് വർക്കല എംഎൽഎ വി ജോയിയുടേതാണ്. ആറ്റിങ്ങൽ പിടിക്കാൻ വട്ടിയൂർക്കാവ് നഷ്ടപ്പെടുത്തണോ എന്ന ചർച്ചയിൽ ഉടക്കിയാണ് വി.കെ പ്രശാന്ത് സാധ്യതാ പട്ടികയിൽ നിന്ന് പുറകിലായത്. ഇന്നും നാളെയും പാര്‍ട്ടി ജില്ലാ കമ്മിറ്റികൾ ഇഴകീറി പരിശോധിക്കുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റ് വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തും, പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ കൂടി ചര്‍ച്ച ചെയ്ത ശേഷം ഈ മാസം 27 ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.