മര്യാദയ്ക്കു പെരുമാറാന്‍ ഇത്രയ്ക്കു ബുദ്ധിമുട്ടോ; പൊലീസിനോട് എത്രകാലം പറയണം, ഹൈക്കോടതി

0

 

കൊച്ചി: പൊതുജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ എസ്ഐക്കെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഈ രൂക്ഷവിമർശനം. അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഇതു പല തവണയായി ആവർത്തിക്കുന്നു. ഇനി എത്ര കാലം പറയണം? എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണോ, കോടതി ചോദിച്ചു.

ജോലിയിലെ സമ്മർദം ജനങ്ങൾക്കു നേരേ മോശമായി പെരുമാറാനുള്ള ലൈസൻസല്ല എന്നു നേരത്തേ ഹൈക്കോടതി പറഞ്ഞിരുന്നു. പൊലീസിന്‍റെയാണെങ്കിലും ജഡ്ജിയുടേതാണെങ്കിലും യൂണിഫോമിട്ടാൽ ആ പദവിക്ക് ചേര്‍ന്ന വിധമാണു പെരുമാറേണ്ടത്. ജനങ്ങൾക്ക് യൂണിഫോമിൽ വിശ്വാസമുണ്ട്. അതിനര്‍ഥം ജനങ്ങൾക്കു മേൽ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല. ഒരു അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്‍റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറുന്നത് അത്രയ്ക്ക് ബുദ്ധിമുട്ടാണോ? ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മര്‍ദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദം താങ്ങാനാവുന്നില്ലെങ്കില്‍ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്, കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *