ബുദ്ധിയും കരുത്തുമായി ഉയരങ്ങൾ കീഴടക്കി അവർ വളരട്ടെ ….
മുംബൈ: ഇന്ന് ദേശീയ ബാലികാദിനം.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിത നിലവാരം എന്നിവ ഉയര്‍ത്തുക, അവര്‍ നേരിടുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെൺകുട്ടികൾക്കായി ഈ ദിനം ആചരിക്കുന്നത്.
പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുക, അവരുടെ കരുത്ത്, കഴിവുകള്‍ എന്നിവ അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള അവസരം ഒരുക്കുക, പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
2008ലാണ് വനിതാ-ശിശു വികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ദേശീയ ബാലികാദിനം പ്രഖ്യാപിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവക്ക് മികച്ച അവസരങ്ങൾ നൽകുക. ലിംഗാധിഷ്ഠിത വിവേചനം പരിഹരിക്കുക. സമൂഹത്തിൽ പെൺകുട്ടികളെ മുന്നോട്ട് നയിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ദേശീയ ബാലികാദിനം പ്രഖ്യാപിച്ചത്.
ഈ ദിവസമാണ് (1966 ജനുവരി 24)ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. അധികാരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും ഉന്നത സ്ഥാനങ്ങള്‍ വഹിക്കാൻ സ്ത്രീകള്‍ക്കും സാധിക്കുമെന്ന് തെളിയിച്ച ഈ ദിവസം തന്നെ ദേശീയ ബാലികാദിനമായി മാറിയത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
ബാലികമാരുടെ സുരക്ഷിതത്വവും അവരക്കു സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങളും ചോദ്യംചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.കൊച്ചുപെൺകുട്ടികളുടെ പീഡനവാർത്തകൾ കേൾക്കാത്ത ഒരു ദിവസംപോലും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നില്ല എന്നത് ഏറ്റവും പരിതാപകരമായ അവസ്ഥയാണ്.ഈ ദിവസം, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള
ജാഗ്രത ഓരോരുത്തരിലും ഉണ്ടാകാൻവേണ്ടിയുള്ളതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.