ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു,
കോട്ടയം: മിനി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ കോട്ടയം ജില്ലയിലെ രാമപുരത്തിന് സമീപം ചിറകണ്ടത്തായിരുന്നു അപകടം നടന്നത്. ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച മിനി ബസും ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
കോട്ടയം പൈക സ്വദേശി പവന്‍ (19) ആണ് മരിച്ചത്. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസുമായാണ് പവന്റെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കില്‍ പവന് ഒപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബസിന്റെ മുൻവശത്താണ് ബൈക്ക് ഇടിച്ചത്. ഫയര്‍ഫോഴ്‌സെത്തി റോഡില്‍ പരന്ന രക്തവും ബസിന്റെ ചില്ലുകളും കഴുകി നീക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.