ചവറയിൽ മുഖംമൂടി സംഘത്തിൻ്റെ വീടുകയറി ആക്രമണം
ചവറ: മുഖംമൂടി സംഘത്തിൻ്റെ വീടുകയറി ആക്രമണം. മടപ്പള്ളി സ്വദേശി അനിലിൻ്റെ വീട്ടിലാണ് മാരക ആയുധങ്ങളുമായെത്തിയ സംഘം അതിക്രമം നടത്തിയത്. ചവറ പോലീസ് അന്വേഷണം ആരംഭിച്ചു പുലർച്ചെ രണ്ട് മണിക്കാണ്. പൂമുഖത്ത് ഹൗസിൽ അനിലിൻ്റെ വീട്ടിലേക്ക് രണ്ടംഗ ആക്രമി സംഘം എത്തിയത്. അസഭ്യ വർഷത്തോടെ കൈയ്യിൽ കിട്ടിയതെല്ലാം നശിപ്പിക്കുന്ന മുഖംമൂടി ധരിച്ച ഗുണ്ടകൾ വീട്ടില്‍ കൂട്ടനിലവിളി ഉയര്‍ന്നിട്ടും പിന്‍വാങ്ങിയില്ല.
മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അക്രമി സംഘം പൂർണ്ണമായും അടിച്ചു തകർത്തു. വീടിൻ്റെ ജനൽ, കസേരകൾ നശിപ്പിച്ചു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഭീതി സൃഷ്ടിച്ചു. അക്രമ ദൃശ്യങ്ങൾ അനിൽ മൊബൈലിൽ പകർത്തിയിട്ടുണ്ട്
സംഭവവുമായി ബന്ധപ്പെട്ട് അനിൽ ചവറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ.
ഒന്നര വർഷം മുൻപ് അനിലിൻ്റെ കാർ പ്രദേശവാസിയുടെ ബൈക്കിൽ തട്ടി. സംഭവം കേസ് ആയി. പരാതിക്കാരന് അയ്യായിരം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കി. പക്ഷേ പരാതിക്കാരനായ പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും പണം നൽകാൻ അനിൽ തയ്യാറായില്ല. ഇതോടെ അനിലുമായി ഇയാൾ തർക്കങ്ങൾ തുടങ്ങി. ഇക്കാര്യം പറഞ്ഞ് പ്രദേശവാസി ശല്യം പതിവാക്കി. ഈ സംഭവത്തിൻ്റെ തുടർച്ചയാണ് വീടുകയറി ആക്രമണവുമെന്നാണ് അനിലിൻ്റെ പരാതി. സമീപ പ്രദേശങ്ങളിലെ സി സി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടി കൂടുന്നതിനുള്ള ശ്രമത്തിലാണ് ചവറ പോലീസ്