ക്യാപിറ്റോള്‍ ആക്രമണം : കലാപകാരികൾക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്.

0

വാഷിങ്ടൺ :അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ ക്യാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്.  2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിന് നേരെ ആക്രമണം നടത്തിയ തന്‍റെ 1500ലധികം അനുയായികൾക്കാണ് ട്രംപ് മാപ്പ് നൽകിയത്. അവർ ബന്ദികളാണെന്നും കേസിൽ കുറ്റക്കാരായ 1500 പേർക്കും മാപ്പ് നൽകുന്നതായും ട്രംപ് പ്രഖ്യാപിച്ചു.

ക്യാപിറ്റോൾ കലാപത്തിൽ പൊലീസിനെ കടന്നാക്രമിച്ചവർക്ക് ഉൾപ്പെടെയാണ് ട്രംപ് മാപ്പ് നൽകിയത്. നീതിന്യായ വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണവും പ്രോസിക്യൂഷനും പൊളിച്ചുമാറ്റുന്നതിനായി അധികാരമേറ്റ ആദ്യ ദിവസം തന്നെ തന്‍റെ ദയാഹർജി അധികാരങ്ങൾ ട്രംപ് ഉപയോഗിച്ചു. അതേസമയം ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താൻ നിയമസഭാംഗങ്ങൾ യോഗം ചേർന്നപ്പോൾ നിയമപാലകർക്കെതിരെ അക്രമാസക്തമായ ആക്രമണം നടത്തുന്നതായി ക്യാമറയിൽ പതിഞ്ഞ പ്രതികളും ജയിൽ മോചിതരാകാൻ പോകുന്നവരിൽ ഉൾപ്പെടുന്നുവെന്ന് ട്രംപ് പറഞ്ഞു. നീതിന്യായ വകുപ്പ് കൊണ്ടുവന്ന ഏറ്റവും ഗുരുതരമായ കേസുകളിൽ രാജ്യദ്രോഹ ഗൂഢാലോചനയ്ക്ക് ശിക്ഷിക്കപ്പെട്ട ഓത്ത് കീപ്പേഴ്‌സ്, പ്രൗഡ് ബോയ്‌സ് തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളും ശിക്ഷ ഇളവ് ചെയ്‌തതിന് ശേഷം ജയിൽ മോചിതരാകും.

ജോ ബൈഡൻ പ്രസിഡന്‍റാവുന്നത് തടയുന്നതിനായാണ് കലാപകാരികൾ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി നാശനഷ്‌ടങ്ങൾ വരുത്തിയത്. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിൽ ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *