നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷനുകൾ മാർച്ചിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

0

 

കോഴിക്കോട്: അമൃത് ഭാരതി പദ്ധതിയിൽ നവീകരിക്കുന്ന വടകര, മാഹി റെയിൽവേ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 25 കോടി രൂപ ചെലവിട്ടാണ് നവീകരണം.

ഒരു കാലത്ത് ആളൊഴിഞ്ഞ് കിടന്ന വടകര റെയിൽവേ സ്റ്റേഷൻ ഇന്ന് വലിയ തിരക്കുള്ള സ്റ്റേഷനായി മാറി. പരാധീനതകൾ ഒരുപാട് ഉയർന്നതോടെയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 21.66 കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റേഷൻ വിപുലീകരണത്തിൽ കൂടുതൽ നിർമാണ പ്രവൃത്തി വന്നതോടെയാണ് തുക ഉയർത്തിയത്.

നിലവിൽ സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും പാർക്കിങ് സ്ഥലവും ഉൾപ്പെടെ ആദ്യഘട്ട പ്രവർത്തികള്‍ മുഴുവൻ പൂർത്തിയായി. പ്ലാറ്റ്ഫോം ഉയർത്തി ടൈൽ പാകുന്ന പണി കഴിഞ്ഞതോടെ പുതുതായി 500 ഇരിപ്പിടങ്ങളും സജ്ജമാക്കി. പാസഞ്ചർ റിസർവേഷൻ കേന്ദ്രം നവീകരണം, എൽഇഡി ഡിസ്‌പ്ലേ ബോർഡുകൾ, സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, പ്ലാറ്റ്‌ഫോം നവീകരണം, ഇരിപ്പിടം സ്ഥാപിക്കൽ എന്നിവയെല്ലാം പൂർത്തിയായി.ഒരു വർഷത്തിലേറെയായി അടച്ചിട്ട ടിക്കറ്റ് കൗണ്ടറും പ്രധാനകവാടവും നവീകരിച്ച ശേഷം തുറന്നുകൊടുത്തു. സ്റ്റേഷൻ കെട്ടിടത്തിന്‍റെ പുറമേയുള്ള ചില പണികളും രണ്ടു ഭാഗത്തെ റോഡ് കോൺക്രീറ്റ് ചെയ്യുന്ന പണിയും മാത്രമേ ബാക്കിയുള്ളൂ. അവ ഉദ്ഘാടനത്തിനു മുൻപായി തീർക്കും.നിലവിൽ വന്നതിന് ശേഷം വലിയ പ്രവൃത്തികളൊന്നും നടക്കാതെ അരക്ഷിതാവസ്ഥയിലായിരുന്നു മാഹി റെയിൽവെ സ്റ്റേഷൻ. എന്നാൽ 10 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇവിടെയും വലിയ മാറ്റം വരും.

പ്രവേശനകവാടം, പൂന്തോട്ടം ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദ ഗ്രീൻ പാർക്കിങ് ഏരിയ, റിസർവേഷൻ കൗണ്ടറിൽ സൗകര്യങ്ങൾ വർധിപ്പിക്കൽ, സർക്കുലേറ്റിങ് ഏരിയ നവീകരിക്കൽ, രണ്ടാം പ്ലാറ്റ്ഫോമിൽ മഴയും വെയിലും കൊള്ളാതെ യാത്രക്കാർക്ക് ഇരിക്കാൻ മേൽക്കൂരയും ഇരിപ്പിടങ്ങളും സ്ഥാപിക്കൽ, ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ലിഫ്റ്റ്, കുടിവെള്ളത്തിന് വാട്ടർടാങ്കുകൾ നിർമിച്ച് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, മതിയായ ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ യാത്രക്കാർക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രവും ടിക്കറ്റെടുക്കാനുള്ള കെട്ടിടവും പാർക്കിങ് ഏരിയയും ശൗചാലയവും നിർമിക്കൽ, പ്ലാറ്റ്ഫോം തറ നവീകരിക്കൽ, സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകൾ നവീകരിക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് മാഹി റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്നത്.

ഒന്നാംഘട്ട വികസനം പൂർത്തിയായി. രണ്ടാംഘട്ടമായി പാസഞ്ചർ ഏരിയ, ടിക്കറ്റ് ബുക്കിങ്ങിനുള്ള കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. പി കെ കൃഷ്‌ണ ദാസ് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ ആയിരുന്നപ്പോഴാണ് റെയിവെ സ്റ്റേഷൻ വികസനത്തിന് ജീവൻ വച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *