കേരള മോഡൽ ഐടിഐകൾ തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന്; മന്ത്രി വി. ശിവൻകുട്ടി.
തിരുവനന്തപുരം: ഐടിഐ കോഴ്സുകളിൽ കാലോചിതമായി പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി കേരള മോഡൽ ഐടിഐകൾ തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിലെ പല കോഴ്സുകളും കാലഹരണപ്പെട്ടതാണ്. കോഴ്സുകളും പരീക്ഷകളും നടത്തുന്നത് കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കോഴ്സുകൾ സ്വന്തം നിലയ്ക്ക് ആവിഷ്കരിക്കാൻ വ്യവസായവകുപ്പമായി ചേർന്ന് ആലോചന നടത്തുന്നത്. സംസ്ഥാനത്തെ 50 വർഷം പഴക്കമുള്ള 10 ഐടിഐകൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 1,21,604 പേർക്ക് പട്ടയം നൽകിയതായി മന്ത്രി കെ. രാജൻ. ബാക്കിയുള്ള 28,280 പട്ടയം നൽകാനുള്ള നടപടിയും സ്വീകരിച്ചു. ഇത് 22ന് നടക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യും. പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളതും നിയമപരമായി സംശയങ്ങൾ നിലനിൽക്കുന്നതുമായ വിവിധ കേസുകൾ പരിഹരിക്കാൻ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ കരട് തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി.