അര്‍ത്തുങ്കല്‍ പെരുന്നാള്‍:  രണ്ട് താലൂക്കുകള്‍ക്ക് തിങ്കളാഴ്ച അവധി

0

ആലപ്പുഴ: അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് ജനുവരി 20ന് (തിങ്കളാഴ്ച) ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

അര്‍ത്തുങ്കല്‍ പെരുന്നാള്‍ പ്രമാണിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 19, 20, 27 തീയതികളിലാണ് മദ്യനിരോധനം. ചേര്‍ത്തല എക്‌സൈസ് പരിധിയിലും പള്ളിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള എല്ലാ കള്ളുഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളിലും ബാറുകളിലുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ ജനുവരി 10 മുതല്‍ 27 വരെയാണ് നടക്കുന്നത്. 19ന് യുവജനദിനം ആചരിക്കും. 20നാണ് തിരുനാള്‍ മഹോത്സവം. 20ന് രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യ കാര്‍മികത്വം നല്‍കും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ ദിവ്യബലി നടക്കും. 4:30ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. ഫാ. സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ കാര്‍മികരാകും. രാത്രി 10ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോസ് പ്രമോദ് ശാസ്താപറമ്പില്‍ മുഖ്യകാര്‍മികനാകും. 27ന് നടക്കുന്ന എട്ടാമിടത്തോടെ 17 ദിവസം നീണ്ട പെരുന്നാളിന് കൊടിയിറങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *