വിൽപത്ര വിവാദം : കെബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറൻസിക് റിപ്പോർട്ട്
തിരുവനന്തപുരം: സ്വത്ത് തർക്കകേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് അനുകൂലമായി ഫോറൻസിക് റിപ്പോർട്ട് വന്നു .സ്വത്തുക്കൾ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ പിതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടാണ് വന്നിരിക്കുന്നത്.
കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ് ഈ റിപ്പോർട്ട്.
ഗണേഷ്കുമാർ വിൽപത്രത്തിൽ വ്യാജ ഒപ്പിട്ടു സ്വത്ത് തട്ടിയെടുത്ത് എന്നായിരുന്നു ഗണേഷ്കുമാറിനെതിരെ സഹോദരി ഉഷാ മോഹൻദാസ് നൽകിയ പരാതി.
വിൽപത്രത്തിലെ എല്ലാ ഒപ്പുകളും ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്നാണ് ഫോറൻസിക് കണ്ടെത്തൽ. കൊട്ടാരക്കര മുൻസിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറിയിരുന്നു . ഇതിന്റെ ഫലമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. പരിശോധനാ ഫലങ്ങൾ അടങ്ങിയ സമഗ്ര റിപ്പോർട്ട് കോടതിയിൽ ഇന്നലെ സമർപ്പിച്ചു.
ഈ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് രണ്ടാം പിണറായി സർക്കാരിൽ ആദ്യ ഘട്ടത്തിൽ തന്നെ മന്ത്രിയാകേണ്ട ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ വൈകിയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതോടെ മന്ത്രി സ്ഥാനം നൽകാൻ സർക്കാർ മടിക്കുകയായിരുന്നു.
പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയ്യാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷിന് ലഭിച്ചത്. ആർ ബാലകൃഷ്ണപിള്ള അസുഖബാധിതനായി അവശനിലയിൽ കഴിഞ്ഞപ്പോൾ വാളകത്ത് വീട്ടിൽ പുർണസമയവും പരിചരിച്ചത് മകൻ ഗണേഷ് കുമാറായിരുന്നു. ഇതിന് മുൻപ് തന്നെ പിള്ള വിൽപത്രം തയ്യാറാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.