ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ പുതിയ ചിത്രം പുറത്തുവന്നു
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ അക്രമിയുടെ പുതിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു . ഇന്നലെ കസ്റ്റഡിയിലെടുത്തയാള്‍ 6 മണിക്കൂർ നടന്ന ചോദ്യചെയ്യലിനൊടുവിൽ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ് കണ്ടെത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രത്തിൽ, ആക്രമണകാരിയെ മുൻ ചിത്രങ്ങളിൽ ധരിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായ വസ്ത്രത്തിൽ കാണാം. ഈ ചിത്രത്തിൽ മുമ്പ് ധരിച്ചിരുന്ന നീല ഷർട്ടിൽ നിന്ന് വ്യത്യസ്തമായി മഞ്ഞ ഷർട്ട് ധരിച്ചതായി കാണപ്പെട്ടു.അക്രമി ബാന്ദ്രയിൽ നിന്ന് ട്രെയിനിൽ മുംബൈ ചുറ്റി സഞ്ചരിക്കുന്നതിനോ മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിനോ സാധ്യതയുണ്ടെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി 20 പോലീസ് സംഘങ്ങൾ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ജനുവരി 16 ന് പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ അക്രമി എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിന് ആറ് തവണ കുത്തേറ്റിരുന്നു . നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി . നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.