മെട്രോ യാത്രക്കാരായ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകണം : കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ‘വിദ്യാർഥികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി, ഡൽഹി മെട്രോയിലെ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകണം’ എന്ന് അരവിന്ദ് കെജ്‌രിവാൾ കത്തിൽ പറയുന്നു.
ഡൽഹി മെട്രോയിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പങ്കാളിത്തമുണ്ട്, അതിനാൽ തന്നെ ചെലവുകൾ ഇരുകൂട്ടരും ചേർന്ന് വഹിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എഎപി വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര ആസൂത്രണം ചെയ്യുന്നുണ്ട്’ എന്നും കത്തിൽ കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹി സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഒരു സംയുക്ത പദ്ധതിയാണ് ഡൽഹി മെട്രോ. അതിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ രണ്ട് സർക്കാരുകൾക്കും അവകാശമുണ്ട്. അതിനാൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ് നൽകുമ്പോൾ അതിനുള്ള ചെലവ് ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തുല്യമായി വഹിക്കണം എന്നും കെജ്‌രിവാൾ കത്തിൽ പറയുന്നു.