കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യതയല്ലെന്ന വാദം തള്ളി സിഎജി
തിരുവനന്തപുരം: കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യതയല്ലെന്ന വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി വഴിയുള്ള വായ്പ സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല.
ബജറ്റിന് അകത്തുള്ള വരുമാനം തന്നെയാണ് കിഫ്ബിയുടെ തിരിച്ചടവിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പെന്‍ഷന്‍ കമ്ബനിയുടെ 18206.49 കോടി കുടിശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. ഇത്തരത്തില്‍ ബജറ്റിന് പുറത്തുള്ള കടംവാങ്ങലുകള്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നും സിഎജി വിമര്‍ശിച്ചു.
സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി അതീവ മോശമാണെന്നും കടം കുമിഞ്ഞുകൂടുവെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. റവന്യു വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും റവന്യു ചെലവില്‍ വന്‍ കുതിപ്പുണ്ടായി. പലിശ കൊടുക്കാന്‍ വേണ്ടി മാത്രമാണ് റവന്യു ചെലവിന്റെ 15 ശതമാനത്തോളം ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.