മൂന്ന് അത്യന്താധുനിക യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു (VIDEO)

0

Prime Minister Narendra Modi dedicates three advanced naval combatants-INS Surat, INS Nilgiri, and INS Vaghsheer- to the nation at the Naval Dockyard in Mumbai Ministry of Defence, Government of India Indian Navy

മുംബൈ: ഇന്ത്യ ആഗോള സുരക്ഷ രംഗത്തും സമ്പദ്ഘടനയിലും ഭൗമ രാഷ്‌ട്രീയ ചലനങ്ങള്‍ക്കും നിര്‍ണായകമായ ദിശാബോധം നല്‍കാന്‍ തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യ എപ്പോഴും തുറന്ന, സുരക്ഷിതമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പുരോഗമനപരമായ ഒരു ഇന്തോ -പസഫിക് മേഖലയ്ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു .

മുംബൈ നേവൽ ഡോക്യാർഡിൽ നടന്ന ചടങ്ങിൽ  വെച്ച്  , അത്യാന്താധുനിക സംവിധാനങ്ങളുള്ള 3 യുദ്ധക്കപ്പലുകള്‍ – ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഗീശ്വര്‍ – രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.  മുംബൈയിലെ നാവിക തുറമുഖത്തായിരുന്നു മൂന്ന് കപ്പലുകളുടെയും കമ്മീഷനിങ് നടന്നത്.

മിസൈല്‍ വേധ, യുദ്ധ, മുങ്ങിക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമായാണെന്നും മോദി ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര്‍ ഭാരത് ഇന്ത്യയെ കരുത്തുറ്റ സ്വയം പര്യാപ്‌ത രാജ്യമാക്കി മാറ്റി. ഇന്ത്യ ഒരു പ്രമുഖ കടല്‍ ശക്തിയായി മാറി. ഒപ്പം ഈ രംഗത്ത് നാം വിശ്വസ്‌തരും ഉത്തരവാദിത്തവുമുള്ള പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദ്രത്തെ മയക്കുമരുന്നില്‍ നിന്നും ആയുധങ്ങളില്‍ നിന്നും ഭീകരതയില്‍ നിന്നും മുക്തമാക്കുന്നതില്‍ ഇന്ത്യ ആഗോള പങ്കാളിയായി. കടലിനെ സുരക്ഷിതവും പുരോഗമനപരവുമാക്കി.

നമ്മുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമുദ്രയാത്രയില്‍ സ്വാതന്ത്ര്യം ആവശ്യമാണ്. വാണിജ്യ വിതരണശൃംഖലയും കടല്‍പാതയും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. മറിച്ച് അധിനിവേശത്തിന് വേണ്ടിയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ നാവികസേനയില്‍ 33 കപ്പലുകളും ഏഴ് മുങ്ങിക്കപ്പലുകളും ഉള്‍പ്പെടുത്താനായി.

ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.25 ലക്ഷം കോടി കടന്നു. നൂറിലേറെ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്. നിരവധി പരിപാടികളില്‍ അദ്ദേഹം ഇവിടെ പങ്കെടുക്കുന്നുണ്ട്.
പ്രതിരോധ ഉത്പാദനത്തിലും സമുദ്രസുരക്ഷയിലും ഇന്ത്യയെ ആഗോള നേതൃത്വനിരയിലേക്ക് എത്തിക്കുന്നതാണ് പുത്തന്‍ കപ്പലുകളുടെ കമ്മീഷനിങ്. പി15ബി ഗൈഡഡ് മിസൈല്‍ വേധ പദ്ധതിയില്‍ പെടുന്ന അവസാനത്തെയും നാലാമത്തെയും കപ്പലാണ് ഐഎന്‍എസ് സൂറത്ത്. ലോകത്തെ ഏറ്റവും വലിയ മിസൈല്‍ വേധ കപ്പലാണിതെന്ന പ്രത്യേകതയുമുണ്ട്. 75 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച കപ്പലാണിത്. ആയുധ സെന്‍സറടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.

പി17എ സ്റ്റീല്‍ത്ത് ഫ്രിഗേറ്റ് പ്രൊജക്‌ടിന്‍റെ ആദ്യ കപ്പലാണ് ഐഎന്‍എസ് നീലഗിരി. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഡിസൈന്‍ ബ്യൂറോയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കടല്‍സുരക്ഷ, ചാരവൃത്തി അടക്കം നിരവധി പുതുതലമുറ സവിശേഷതകളുള്ള കരുത്തുറ്റ തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണിത്.

ഇന്ന് വൈകുന്നേരം 3.30 ന് നവി മുംബൈയിലെ ഖാർഘറിൽ ഇസ്‌കോണിന്‍റെ ക്ഷേത്രം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.ഒന്‍പത് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ക്ഷേത്രസമുച്ചയമാണിത്.മഹായുതിയിലെ എല്ലാ നിയമസഭാ സമാജികരും പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ശിന്ദേ മാധ്യമങ്ങളെ അറിയിച്ചു. അവരുടെ ജനാധിപത്യ കര്‍ത്തവ്യങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുമെന്നും ശിന്ദേ വ്യക്തമാക്കി

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *