ആശാ ലോറന്‍സിന്റെ അപ്പീല്‍ തള്ളി :എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്
ന്യുഡൽഹി : അന്തരിച്ച പ്രമുഖ സിപിഎം നേതാവ് എംഎം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീൽ സുപ്രീം കോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കികൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
. ഹൈക്കോടതി വിധി ശരിവെച്ചത് എല്ലാവശങ്ങളും പരിഗണിച്ചാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നത് മരിച്ചയാളുടെയും കുടുംബത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ലേയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കണമെന്നാണ് ആശ ലോറന്‍സിന്റെ ആവശ്യം.
കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു. ജീവിച്ചിരിക്കെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം എംഎം ലോറന്‍സ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകന്‍ എംഎല്‍ സജീവന്റെ വാദം. എം എം ലോറന്‍സ് ഇക്കാര്യം അറിയിച്ചതിന് രണ്ട് സാക്ഷികളുണ്ടെന്നുമായിരുന്നു എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതിയുടെ നിരീക്ഷണം.