82-കാരിയെ ക്രൂരമായികൊലപ്പെടുത്തിയ മരുമകൾക്ക് ജീവപര്യന്തം തടവ്.
തലശ്ശേരി: കുടുംബവഴക്കിനെത്തുടര്‍ന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു..
മകന്റെ ഭാര്യ കായംമാക്കല്‍ ഹൗസില്‍ എല്‍സിയെ (58)യാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവനുഭവിക്കണം.
2021 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ദൃക്സാക്ഷിയില്ലാത്ത കേസില്‍ സാഹചര്യത്തെളിവും ശാസ്ത്രീയതെളിവും പരിഗണിച്ചാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്
പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. വാതില്‍പ്പടിയില്‍ തലയിടിച്ച് തലയ്ക്കും മുഖത്തുമായി 11 മുറിവുകളുണ്ടായിരുന്നു.സംഭവദിവസം ഉച്ചയ്ക്ക് മറിയക്കുട്ടിയും എല്‍സിയും തമ്മില്‍ വാക്കേറ്റമുണ്ടായി. കസേരയില്‍ ഇരുന്ന മറിയക്കുട്ടിയെ എല്‍സി തള്ളിത്താഴെയിട്ട് തല പലതവണ വാതില്‍പ്പടിയിലിടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്ത് ഞെരുക്കി കൊല നടത്തിയെന്നുമാണ് കേസ്.സംഭവം നടന്നതിന്റെ രണ്ടാംദിവസം കരിക്കോട്ടക്കരി പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ശിവന്‍ ചോടത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീര്‍ കുറ്റപത്രം നല്‍കി.
കേസില്‍ 24 സാക്ഷികളെ വിസ്തരിച്ചു. എല്‍സിയുടെ ഭര്‍ത്താവ് മാത്യു വിചാരണവേളയില്‍ കൂറുമാറി.2024 ജനുവരി 15-ന് ജഡ്ജി എ.വി.മൃദുല മുന്‍പാകെയാണ് കേസ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാംദാസ് ഹാജരായി