‘മരണപ്പെട്ട’ പവിത്രനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിൽ ഡോക്ടർമാർ
കണ്ണൂർ : മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു
വീണ്ടും കണ്ണൂർ എകെജി സ്മാരക സഹകരണാശുപത്രിയിലേ വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ട കൂത്തുപറമ്പ്
പാച്ചപ്പൊയ്ക വനിതാബാങ്കിനു സമീപമുള്ള പുഷ്‌പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ (67 )സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ .
ഇന്ന് രാവിലെ പത്തുമണിക്ക് പന്തക്കപ്പാറ ശ്‌മശാനത്തിൽ സംസ്‌കാര കർമ്മം നടക്കേണ്ട വ്യക്തിയാണ് ഇപ്പോൾ പ്രത്യാശയോടെ ആശുപത്രിയിലെ അത്യാഹിത വാർഡിൽ കിടക്കുന്നത് . പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങൾ വഴിയും ബന്ധുക്കൾ മരണവാർത്തയും സംസ്കാര കർമ്മത്തിന്റെ വാർത്തയും നാട്ടുകാരെ അറിയിച്ചിരുന്നു.പലരും ആദരാഞ്ജലികളും അർപ്പിച്ചിരുന്നു.
ഏറെക്കാലമായി ശ്വാസകോശ രോഗംമൂലം ബുദ്ധിമുട്ടുന്ന പവിത്രൻ ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുറച്ചുനാളായി വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ .മൂന്നോ നാലോ ദിവസമേ ജീവിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞത് പ്രകാരം, ഭാരിച്ച ആശുപത്രി ചെലവ് താങ്ങാൻ കഴിയാത്ത ബന്ധുക്കൾ വീട്ടിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു . സ്വന്തം ‘റിസ്‌ക്കിൽ കൊണ്ടുപോയിക്കോളൂ എന്ന് പറഞ്ഞാണ് രോഗിയെ കൊണ്ടുപോകാൻ ഡോക്ടർ അനുമതി നൽകിയത്.തിരിച്ചുള്ള യാതയ്ക്കിടയിൽ അനക്കമില്ലാതായ പവിത്രൻ മരിച്ചെന്നു കരുതി
ബന്ധുക്കൾ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിക്കുകയും മരണപ്പെട്ടു എന്ന് പറഞ്ഞത് കാരണം ആശുപത്രി ജീവനക്കാർ നേരെ മോർച്ചറിയിലേക്ക് മാറ്റാൻ ഒരുങ്ങുകയുമായിരുന്നു. അതിനിടയിലാണ് ജീവനക്കാരായ അനൂപും ആർ .ജയനും ‘മൃതദേഹ’ത്തിൻ്റെ കൈ അനങ്ങുന്നതായി കണ്ടത്. ഉടൻ ഡോക്റ്ററെ വിളിച്ചറിയിച്ച് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ചോദ്യങ്ങളോട് പവിത്രൻ പ്രതികരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ കിട്ടിയ വിവരം.