തിരുവാതിര ആഘോഷിച്ച് അണുശക്തിനഗറിലെ വനിതാ കൂട്ടായ്മ
മുംബൈ : സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി ആചരിക്കുന്ന തിരുവാതിര , അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു. സൂര്യോദയം മുതൽ അസ്തമയം വരെ വ്രതമെടുത്ത എൺപതോളം വനിതകൾ, പരമ്പരാഗതമായ ആചാരങ്ങളോടെയാണ് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി തിരുവാതിരയെ മുംബൈ നഗരത്തിൽ വരവേറ്റത് . അണുശക്തിനഗർ ക്ഷേത്രസമുച്ചയ പരിസരത്ത് നടന്ന ആഘോഷത്തിൽ ശിവസ്തുതിക്കുശേഷം പാതിരാപ്പൂ ചൂടി, മനസ്സിൽ ചന്ദ്രനെ നമിച്ച് കറുകകൊണ്ട് ഗണപതിയേയും, തുളസിയിലെകൊണ്ട് സരസ്വതിയെയും, കൂവളത്തിലകൊണ്ട് ശിവനേയും പൂജ ചെയ്തു. പൂജയ്ക്കുശേഷം എല്ലാവരും ഇളനീർ തീർത്ഥം സേവിച്ച് വെറ്റില മുറുക്കി. പിന്നീട് നടന്ന തിരുവാതിരക്കളിയിലും ഊഞ്ഞാലാട്ടത്തിലും എല്ലാവരും ഭാഗഭാക്കായി. എട്ടങ്ങാടിയും, തിരുവാതിരപ്പുഴുക്കും, കൂവ വിരകിയതും, ഗോതമ്പു പായസവും കഴിച്ചതിനു ശേഷം അടുത്ത തിരുവാതിര പെട്ടെന്ന് എത്തണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാവരും പിരിഞ്ഞു.
(റിപ്പോർട്ട് – ശ്രീപ്രസാദ് വടക്കേപ്പാട്ട് )