ജാമ്യ ഉത്തരവ് നടപ്പാക്കേണ്ട : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂർ
എറണാകുളം : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തവർക്കു ജയിലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് ബോബി ചെമ്മണ്ണൂർ . റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർ പുറത്തിറങ്ങും വരെ താനും ജയിലിൽ തുടരുമെന്ന് ബോബി അഭിഭാഷകരോട് പറഞ്ഞു.
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ഇന്ന് വൈകുന്നേരം ഹൈക്കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ബോണ്ട്, തത്തുല്യ ആൾജാമ്യം എന്നിവയോടെയാണ് ജാമ്യം അനുവദിച്ചത്.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യം ആവർത്തിക്കരുത് എന്നിങ്ങനെയാണ് ജാമ്യ ഉപാധികൾ. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യമല്ല. കറുത്തത്, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കുറ്റം പ്രഥമദൃഷ്‌ട്യാൽ നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. ബോബി ചെമ്മണ്ണൂരിൻ്റെ വാക് പ്രയോഗം ദ്വയാർഥത്തിലാണെന്നും, ഏതൊരു മലയാളിക്കും ലളിതമായി മനസിലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശമാണ് കോടതി വിമർശനത്തിന് കാരണമായത്.
അതേസമയം ബോബി ചെമ്മണ്ണൂർ സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് പറഞ്ഞ കോടതി ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ആര്‍ക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളില്‍ പറയാമെന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ബോബി ചെമ്മണ്ണൂരും സെലബ്രിറ്റി ആണെന്നാണ് വാദമെന്ന് പറഞ്ഞ ഹൈക്കോടതി എന്നിട്ട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂരിന്‍റെ മറ്റ് ദ്വയാര്‍ത്ഥ പ്രയോഗ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. പരിപാടിയില്‍ വച്ച് ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് പറയാനാകില്ലെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് ഹൈക്കോടതി വിലയിരുത്തി. ചടങ്ങില്‍ വച്ച് പ്രതികരിക്കാതിരുന്നത് നടിയുടെ മാന്യതയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.