ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം ജനു. 31 മുതൽ ഫെബ്രു. 2 വരെ
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 -മത് ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നടക്കുമെന്ന് ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ , ചെയർമാൻ എൻ. മോഹൻദാസ് , ജനറൽ സെക്രട്ടറി ഒ . കെ. പ്രസാദ് എന്നിവർ അറിയിച്ചു.
ജനു. 31 നു രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ എന്നിവയ്‌ക്കുശേഷം 9 നു പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് പറനിക്കൽ ചടങ്ങ് ആരംഭിക്കും. 10 .30 നു ഉച്ചപൂജ , ഒന്ന് മുതൽ മഹാപ്രസാദം. 2 .30 മുതൽ വൈകീട്ട് 7 .30 വരെ സമിതിയുടെ ഒന്ന് മുതൽ 30 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 9 മുതൽ മഹാപ്രസാദം.
ഫെബ്രു. ഒന്നിനു ശനിയാഴ്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികം.
ഗണപതി ഹോമത്തിനും പതിവ് പൂജകൾക്കും ശേഷം 8 .30 മുതൽ കലശ പൂജ, നവകം പഞ്ചഗവ്യം, 11 നു കലശം എഴുന്നുള്ളിക്കൽ, കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ. ഒന്നിന് മഹാപ്രസാദം. 2 .30 മുതൽ സമിതിയുടെ 31 മുതൽ 41 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 7 മുതൽ ഭഗവതി സേവ. 7.30 മുതൽ ശ്രീനാരായണ മന്ദിരസമിതി കലാവിഭാഗം അവതരിപ്പിക്കുന്ന നാടകം- ദേവാലയം. 9 നു മഹാപ്രസാദം.
അവസാന ദിവസമായ ഫെബ്രു. 2 നു ഞായറാഴ്ച രാവിലെ പതിവ് പൂജകൾക്ക് ശേഷം 8 .30 നു ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനത്തിനായി വയ്ക്കും. ശിവഗിരി ആശ്രമത്തിൽനിന്നും എത്തുന്ന സ്വാമിമാരാണ് ദന്തം പുറത്തെടുത്ത് ദർശനത്തിനു വയ്ക്കുന്നതും തുടർന്നുള്ള പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതും.
10 മുതൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, നാഗസ്വരം, ചെണ്ടമേളം , ശിങ്കാരിമേളം, താലമേന്തിയ വനിതകൾ എന്നിവയുടെ അകമ്പടിയോടെ പുഷ്‌പാലംകൃത രഥത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ [മഹാപ്രസാദം]. ഒരുമണി മുതൽ തീർത്ഥാടന മഹാസമ്മേളനം . സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യാതിഥിയായിരിക്കും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ഗുരുപ്രസാദ്, മന്ദാമാത്രേ എം. എൽ. എ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ് . ചന്ദ്രബാബു , ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, ട്രഷറാർ വി. വി. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
വൈകീട്ട് ഗുരുപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം തായമ്പക. തുടർന്ന് മഹാ പ്രസാദം.
ധർമ പതാകയും പഞ്ചലോഹ വിഗ്രഹവും 30ന് എത്തും
തീർത്ഥാടന മഹോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗുരുദേവഗിരിയിൽ ഉയർത്തുവാനുള്ള ധർമപതാകയും വഹിച്ചു കൊണ്ടുള്ള യാത്ര 29 ന് ഉച്ചയ്ക്ക് 2 ന് ദമൻ ഗുരുസെൻ്ററിൽ നിന്നും ആരംഭിക്കും. തുടർന്ന് വാപ്പി, താരാപ്പൂർ ഗുരുസെൻ്ററുകളിലെ സ്വീകരണങ്ങൾക്ക് ശേഷം താരാപ്പൂരിൽ തങ്ങും. 30 ന് രാവിലെ 6 ന് അവിടെ നിന്നും പുറപ്പെടുന്ന യാത്ര വിരാർ, നല്ല സൊപ്പാര , വസായ്, മീരാറോഡ്, ഗോഡ് ബന്ധർ റോഡ്, ഐരോളി, വാഷി ഗുരു സെൻ്ററുകളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 7 ന് ഗുരുദേവ ഗിരിയിൽ എത്തിച്ചേരും. സമ്മേളനസ്ഥലത്ത് സ്ഥാപിക്കാനുള്ള ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള വാഹന ജാഥ 30 ന് വൈകിട്ട് 4 ന് ചെമ്പൂരിലെ സമിതി ആസ്ഥാനത്തു നിന്നും പുറപ്പെട്ട് 7 ന് ഗുരുദേവഗിരിയിൽ എത്തിച്ചേരും.
ഗുരുദേവന്റെ ദിവ്യദന്ത ദർശനം
ഗുരുദേവഗിരിയിൽ സൂക്ഷിച്ചിരിക്കുന്ന, ഗുരുദേവന്റേതായി ലോകത്താകെ അവശേഷിക്കുന്ന ഏക ഭൗതിക തിരുശേഷിപ്പായ ദന്തങ്ങൾ ഫെബ്രു. 2 നു ഞായറാഴ്ച രാവിലെ 8 .30 മുതൽ വൈകീട്ട് 4 വരെ പൊതുജനങ്ങൾക്ക് ദർശിക്കുന്നതിനായി വയ്ക്കും. ശിവഗിരിയിൽ നിന്നുള്ള സ്വാമിമാരുടെ മുഖ്യകാർമികത്വത്തിലാണ് ദന്തം പൊതു ദർശനത്തിനു വയ്ക്കുന്നത്.