തിരുവാഭരണഘോഷയാത്ര ഇന്ന് : ശബരിമല മകര വിളക്കിനായി ഒരുങ്ങി
പത്തനംതിട്ട: ശബരിമല സന്നിധാനം മകരവിളക്കിനായി ഒരുങ്ങിക്കഴിഞ്ഞു.: തിരുവാഭരണഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. ചൊവ്വാഴ്‌ച വൈകിട്ടോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും. ജ്യോതി ദർശനത്തിനായി പർണശാലയൊരുക്കി തീർഥാടകർ കാത്തിരിപ്പ് തുടങ്ങി.
തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു . ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷം ഘോയാത്ര പുറപ്പെടും. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഘോഷയാത്ര 14 ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടർന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയിൽ എത്തിച്ചേരും. അവിടെ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികൾ ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
ദർശനം കഴിഞ്ഞവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കയാണ്.. ഇന്നലെ നട തുറന്നതുമുതൽ 31294 പേർ ദർശനം നടത്തി. 11279 പേർ താത്കാലിക ബുക്കിങ്ങിലൂടെയാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷയോടുകൂടിയുള്ള സംവിധാനങ്ങൾ പോലീസ് ഒരുക്കികൊണ്ടിരിക്കയാണ്.