എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. കുറ്റാരോപണ മെമ്മോയ്ക്ക് എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യൂ കമ്മറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു.
അതേസമയം പ്രശാന്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി ചീഫ് സെക്രട്ടറി രംഗത്തെത്തിയിരുന്നു. ആദ്യം കുറ്റാരോപണ മെമോക്ക് മറുപടി നൽകുകയാണ് ചെയ്യേണ്ടത്. അതിന് ശേഷം രേഖകൾ പരിശോധിക്കാൻ അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്ത് രേഖകൾ വേണമെങ്കിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് പരിശോധിക്കാം. രണ്ട് കത്തുകൾ ചീഫ് സെക്രട്ടറി പ്രശാന്തിന് നൽകിയിട്ടുണ്ട്. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്. അതേസമയം മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിൽ സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു.