‘തെറ്റുകള്‍ സംഭവിക്കാം, ഞാൻ ദൈവമല്ല, മനുഷ്യനാണ്’, അഭിമുഖത്തിൽ നരേന്ദ്രമോദി

0

 

ന്യൂഡല്‍ഹി: താൻ ഉൾപ്പെടെയുള്ള മനുഷ്യർക്ക് തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും, പക്ഷേ അത് മോശം ഉദ്ദേശ്യത്തോടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനൊപ്പം ഒരു പോഡ്‌കാസ്‌റ്റില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. താൻ ദൈവമല്ലെന്നും, മനുഷ്യനായതിനാല്‍ തനിക്കും തെറ്റുകള്‍ സംഭവിക്കുമെന്നും മോദി വ്യക്തമാക്കി.

നിഖില്‍ കാമത്ത് പുറത്തുവിട്ട പോഡ്‌കാസ്‌റ്റ് വീഡിയോയുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലാണ് മോദിയുടെ പരാമര്‍ശങ്ങള്‍. വീഡിയോയുടെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തുള്ള അനുഭവവും മോദി പങ്കുവച്ചു. ‘ഞാൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കഠിനാധ്വാനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല.

എനിക്കുവേണ്ടി ഒന്നും ചെയ്‌തിരുന്നില്ല, തെറ്റുകൾ വരാൻ സാധ്യതയുള്ള ഒരു മനുഷ്യനാണ് ഞാൻ, പക്ഷേ മോശം ഉദ്ദേശ്യത്തോടെ ഞാൻ ഒരിക്കലും തെറ്റ് ചെയ്‌തിട്ടില്ല. ഇതാണ് എന്‍റെ ജീവിതത്തിലെ മന്ത്രം. ഞാൻ ഉൾപ്പെടെ എല്ലാവര്‍ക്കും തെറ്റുകൾ വരാറുണ്ട്. എല്ലാത്തിനുമുപരി, ഞാൻ ഒരു മനുഷ്യനാണ്, ഒരു ദൈവമല്ല,’ എന്ന് നിഖിൽ കാമത്ത് സംഘടിപ്പിച്ച പോഡ്‌കാസ്‌റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.താൻ പിന്തുടരുന്ന പ്രത്യയശാസ്‌ത്രത്തെയും മോദി വിവരിച്ചു. പ്രത്യയശാസ്‌ത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ രാഷ്‌ട്രത്തെ എപ്പോഴും ആദ്യം നിലനിർത്തുക എന്നതാണ് പ്രധാനം. സ്വന്തം സൗകര്യത്തിനനുസരിച്ച് നിലപാട് മാറ്റുന്ന തരത്തിലുള്ള ആളല്ല താൻ. ഒരു പ്രത്യയശാസ്‌ത്രത്തിൽ മാത്രം വിശ്വസിച്ചാണ് താൻ വളർന്നത്. ചുരുക്കി പറഞ്ഞാൽ, ‘രാഷ്‌ട്രം ആദ്യം’ എന്നതാണ് തന്‍റെ പ്രത്യയശാസ്‌ത്രമെന്നും മോദി വ്യക്തമാക്കി.പ്രത്യയശാസ്‌ത്രത്തേക്കാൾ ആദർശവാദത്തിന്‍റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, പ്രത്യയശാസ്‌ത്രമില്ലാതെ രാഷ്‌ട്രീയം ഉണ്ടാകില്ല, ആദർശവാദം വളരെയധികം ആവശ്യമാണ്. ഗാന്ധിജിക്കും സവർക്കറിനും വ്യത്യസ്‌ത പാതകളുണ്ടായിരുന്നു, പക്ഷേ അവരുടെ പ്രത്യയശാസ്‌ത്രം ‘സ്വാതന്ത്ര്യം’ ആയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പോഡ്‌കാസ്‌റ്റിന്‍റെ പൂര്‍ണ രൂപം യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്.

തന്‍റെ പഴയകാല ഓര്‍മകള്‍ പങ്കുവച്ച മോദി, താൻ തുറന്നു സംസാരിക്കുന്ന ആദ്യ പോഡ്‌കാസ്‌റ്റ് ഇതാണെന്നും വ്യക്തമാക്കി. തന്‍റെ ജീവിതം താൻ കെട്ടിപ്പടുത്തതല്ല, സാഹചര്യങ്ങൾ കൊണ്ടാണ് അത് രൂപപ്പെട്ടതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

‘എന്‍റെ കുട്ടിക്കാലത്ത് ഞാൻ ജീവിച്ച ജീവിതം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, അത് എന്‍റെ ഏറ്റവും വലിയ സർവകലാശാലയായിരുന്നു. കഷ്‌ടപ്പാടുകളുടെ ആ സർവകലാശാല എന്നെ ഒരുപാട് പാഠം പഠിപ്പിച്ചു, കഷ്‌ടപ്പാടുകളെ സ്നേഹിക്കാൻ ഞാൻ പഠിച്ചു. അമ്മമാരും സഹോദരിമാരും തലയിൽ കലം ചുമന്ന് രണ്ടോ മൂന്നോ കിലോമീറ്റർ നടക്കുന്നത് കണ്ട ഒരു സംസ്ഥാനത്ത് നിന്നാണ് ഞാൻ വരുന്നത്. എന്‍റെ പ്രവർത്തനങ്ങൾ സഹാനുഭൂതിയുടെ ഫലമാണ്. ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കും,’ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *