സന്തോഷ് ദേശ് മുഖ് വധം : ഗവർണ്ണറെ കണ്ട് സർവകക്ഷി സംഘം.
മുംബൈ: ബീഡ് സർപഞ്ചായ സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ , സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ എൻസിപി മന്ത്രി ധനഞ്ജയ് മുണ്ടെ ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി സംഘം തിങ്കളാഴ്ച ഗവർണർ സിപി രാധാകൃഷ്ണനെ കണ്ടു.
കൊലപാതകവുമായി ബന്ധപ്പെട്ട ഭീഷണിപ്പെടുത്തി കൊള്ളയടിക്കൽ പരാതികളിൽ മുണ്ടെയുടെ അടുത്ത അനുയായി വാൽമിക് കരാഡ്‌നെ പോലീസ് അറസ്റ്റ് ചെയ്തു.
ദേശ്മുഖ് കേസുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻസിപി (ശരദ് പവാർ) തലവൻ ശരദ് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചു.
ഞായറാഴ്ച പൂനെയിൽ നടന്ന വലിയ പ്രതിഷേധ മാർച്ചിനെ തുടർന്ന്, മുൻ എംപി ഛത്രപതി സാംഭാജിരാജെയുടെ നേതൃത്വത്തിൽ നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ (ശിവസേന-യുബിടി), കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ, എൻസിപി (എസ്പി) എംപി, ബീഡിൽ നിന്നുള്ള എംപി ബജ്‌റംഗ് സോനവാനെ , സന്ദീപ് ക്ഷീരസാഗർ, ബി.ജെ.പി എം.എൽ.എ സുരേഷ് ദാസ്, ജ്യോതി മേത്തേ എന്നിവർ ഗവർണറെ കണ്ടു. നാല് ആവശ്യങ്ങളടങ്ങിയ കത്ത് നൽകിയ അവർ കേസിൻ്റെ വിശദാംശങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും അദ്ദേഹത്തെ ധരിപ്പിച്ചു.
” ബീഡിലെ കൊലപാതകങ്ങളും കൊള്ളകളും ജില്ലയിൽ ക്രമസമാധാനപാലനത്തിൽ സർക്കാരിൻ്റെ പരാജയത്തിന് അടിവരയിടുന്നു. പ്രതികളെയും അവൻ്റെ രാഷ്ട്രീയ രക്ഷാധികാരികളെയും സംരക്ഷിക്കാനുള്ള പോലീസിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും പക്ഷപാതം ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കി. ധനഞ്ജയ് മുണ്ടെയുടെ രാജി ഉറപ്പാക്കാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും നിങ്ങളുടെ ഇടപെടൽ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടാതെ, രണ്ട് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ വാൽമിക് കരാദിനെതിരെ കൊലക്കുറ്റം ചുമത്തണം. അനാസ്ഥ കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണം, ബീഡിലെ കുറ്റകൃത്യങ്ങളും കൊള്ളയും തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കണം,” ഗവർണ്ണർക്ക് സമർപ്പിച്ച ,എല്ലാ പാർട്ടി നേതാക്കളും ഒപ്പിട്ട കത്തിൽ പറയുന്നു.
വാൽമിക് കാരാഡിനെ ഉടനടി അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് പ്രതിനിധി സംഘം പോലീസിനെ വിമർശിക്കുകയും കീഴടങ്ങുന്നതിനിടെ കാരാഡിൻ്റെ നൂറുകണക്കിന് അനുയായികൾ തടിച്ചുകൂടിപൂനെ സിഐഡി ഓഫീസിനുമുന്നിൽ കാണിച്ച അരാജകത്വം എടുത്തുപറയുകയും ചെയ്തു.
സംസ്ഥാന സർക്കാരിന് നീതി ലഭ്യമാക്കാൻ കഴിയാത്തതാണ് ഗവർണറുടെ ഇടപെടൽ അനിവാര്യമാക്കിയതെന്ന് ഗവർണറെ കണ്ട ശേഷം സംഭാജിരാജെ മാധ്യമങ്ങളോട് പറഞ്ഞു.
“ഇത് രണ്ട് ജാതികൾ തമ്മിലുള്ള സംഘർഷമല്ല, മറിച്ച് ബീഡിൽ മനുഷ്യത്വത്തോടുള്ള ക്രൂരമായ അവഹേളനമാണ്സ നടന്നത്. സന്തോഷ് ദേശ്‌മുഖിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കും. അന്വേഷണം പൂർത്തിയാകുന്നതുവരെ മുണ്ടെയുടെ രാജി ഞങ്ങൾ ആവശ്യപ്പെടും ,” അദ്ദേഹം പറഞ്ഞു.
ഡിസംബർ 9 ന് പട്ടാപ്പകലാണ് ഒരു സംഘംസർപഞ്ച് സന്തോഷ് ദേശ്മുഖിനെ സ്കോർപ്പിയോയിൽ കയറ്റി തട്ടികൊണ്ടുപോയത് , മൂന്ന് മണിക്കൂറിനുശേഷം ദേശ്‌മുഖിന്റെ മൃതദേഹം ഗ്രാമത്തിനടുത്തുള്ള റോഡരികിൽ തള്ളുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.