63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

0

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആരംഭിക്കും. അവസാനഘട്ട ഒരുക്കങ്ങളിലാണ് നഗരം. ഇതിന്റെ ബാഗമായി ഇന്ന് വേദിയില്‍ സുരക്ഷാ പരിശോധനകള്‍ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജിആര്‍ അനില്‍, കെ രാജന്‍, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെഎന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും.

തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സര പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും. പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍ കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍.

പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്.

എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 8ന് വൈകിട്ട് 5 ന് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയാകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *