മിനി പാകിസ്ഥാന്‍ പരാമര്‍ശം: വിദ്വേഷ പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്താനുള്ള ശ്രമം:  പിണറായി വിജയന്‍

0

തിരുവനന്തപുരം : മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെയുടെ മിനി പാകിസ്ഥാന്‍ പരാമർശം തികച്ചും പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തങ്ങള്‍ക്ക് അധികാരം ഇല്ലാത്ത ഇടങ്ങളെ വിദ്വേഷ പ്രചരണങ്ങള്‍ കൊണ്ടും വിഭജന രാഷ്‌ട്രീയം കൊണ്ടും ഒറ്റപ്പെടുത്താനും പാര്‍ശ്വവത്‌കരിക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രിപറഞ്ഞു..

ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ മന്ത്രിയ്‌ക്കെതിരെ പ്രതികരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. ഇത്തരം വിദ്വേഷ പ്രസ്‌താവനകള്‍ നടത്തുന്ന ഒരാള്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തെ മിനി പാക്കിസ്ഥാന്‍ എന്ന് വിളിച്ച മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെയെ
അയോഗ്യനാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ .റാണെയുടെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കെസി വേണുഗോപാൽ.വയനാട്ടിലെ ജനങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്ന പരാമർശങ്ങൾ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു.വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് വയനാട്ടിൽ രണ്ട് തവണയും രാഹുൽ ഗാന്ധി വിജയിച്ചതെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ റാലികളിൽ തീവ്ര വാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമുള്ള മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവന്‍റെ പ്രസ്‌താവനയാണ് ദേശീയ തലത്തിൽ ബിജെപി ഏറ്റെടുത്തതെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തെ കുറിച്ച് സിപിഎം നേതാവ് എ വിജയരാഘവൻ നടത്തിയ പ്രസ്‌താവന കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപിക്ക് വെടിമരുന്ന് നൽകുകയായിരുന്നു. വിജയരാഘവനെ തിരുത്തുന്നതിന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തെ പിന്തുണച്ചതിന്‍റെ പിന്നിലെ കാരണം ഇപ്പോള്‍ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ബിജെപിയും സിപിഐഎമ്മും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ആരോപിച്ചു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വിജയരാഘവൻ്റെ പ്രസ്‌താവനയെ അടിസ്ഥാനമാക്കിയുളള ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസംഗം ഈ ഗൂഢാലോചനയുടെ തെളിവാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *