രാഹുൽ ഗാന്ധി പെരുമാറിയത് ബൗൺസറെ പോലെ’; തന്നെ തള്ളിയിട്ടതെന്നാവർത്തിച്ച് -സാരംഗി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരു ബൗൺസറെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ഡിസംബർ 19ന് പാർലമെന്റിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ പശ്ചാത്തലത്തിലാണ് സാരംഗിയുടെ പരാമര്‍ശം. ആരോഗ്യ നില മെച്ചപ്പെട്ടതായും ഡിസംബർ 28 ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും എംപി അറിയിച്ചു. തലയിലെ തുന്നൽ പൂർണ്ണമായും സുഖപ്പെടാത്തതിനാൽ ആരോഗ്യം സൂക്ഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എംപിമാർ ബിആർ അംബേദ്കറെ അപമാനിച്ചതിനെതിരെ സമാധാനപരമായി പ്ലക്കാർഡുകളും പിടിച്ച് എൻട്രി ഗേറ്റിന് സമീപം നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. പെട്ടെന്ന്. രാഹുൽ ഗാന്ധി ചില പാർട്ടി സഹപ്രവർത്തകർക്കൊപ്പം എത്തി ആളുകളെ മുന്നോട്ട് തള്ളാന്‍ തുടങ്ങി. അദ്ദേഹം ഒരു ബൗൺസറെപ്പോലെയാണ് പെരുമാറിയത്, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെപ്പോലെയല്ല. വാജ്പേയി ജിയെപ്പോലുള്ള മഹത്തായ വ്യക്തികൾ ഒരു കാലത്ത് വഹിച്ചിരുന്ന പദവിയാണത്.”- സാരംഗി പറഞ്ഞു.
“രാഹുൽ ഗാന്ധിക്ക് തടസമില്ലാതെ കടന്നുപോകാൻ ഗേറ്റിന് സമീപം മതിയായ ഇടമുണ്ടായിട്ടും മറ്റുള്ളവരെ തള്ളിയാണ് ആദ്ദേഹം മുന്നോട്ടു പോയത്.. ‘എന്റെ മുന്നിൽ നിന്നിരുന്ന എംപി മുകേഷ് രാജ്പുത്തിനെ രാഹുൽ ഗാന്ധി തള്ളിയിട്ടു. രാജ്പുത് ജി എന്റെ മേലേക്ക് വീണു. എന്റെ തല കല്ല് പോലുള്ള ഏതോ വസ്തുവില്‍ ഇടിച്ചതാണ് പരിക്കിന് കാരണമായത്.”
സംഭവമറിഞ്ഞ രാഹുല്‍ ഗാന്ധി പിന്നീട് തന്റെയടുത്ത് വന്നതായും സാരംഗി പറഞ്ഞു. എങ്കിലും ശരിക്കുള്ള ആശങ്കയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും, പെട്ടെന്ന് തന്നെ പോയെന്നും സാരംഗി വ്യക്തമാക്കി. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താൽ താൻ സുഖം പ്രാപിച്ചുവെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.
ഡിസംബര്‍ 19 ന് ആണ് പാര്‍ലമെന്റിന് പുറത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാബാസാഹേബ് അംബേദ്ക്കറെ കോണ്‍ഗ്രസ് അപമാനിക്കുന്നു എന്ന് ആരോപിച്ച് ബിജെപി പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതേസമയം അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ അംഗങ്ങള്‍ സഭാ വളപ്പില്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.
1999-ൽ ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ട് മക്കളെയും ഒഡീഷയിലെ മനോഹർപൂർ – കിയോഞ്ജർ ഗ്രാമത്തിൽ സ്റ്റേഷൻ വാഗണിൽ ഉറങ്ങിക്കിടക്കുമ്പോൾ ബജ്റംഗ്ദളിൻ്റെ ഒരു സംഘം ചുട്ടുകൊല്ലുകയായിരുന്നു. ആ കാലത്ത് പ്രതാപ് സാരംഗി ബജ്റംഗ് ദളിൻ്റെ തലവനായിരുന്നു.
പ്രതിപട്ടികയിൽ ഇദ്ദേഹവും ഉണ്ടായിരുന്നെങ്കിലും പിന്നീട് കോടതി നിരപരാധിയാണെന്ന് കണ്ടു വെറുതെ വിടുകയായിരുന്നു.
2019 ൽ ഒറീസ്സയിൽ നിന്ന് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസഹമന്ത്രി ആകുകയും ചെയ്ത ആദ്യവ്യക്തിയാണ് ‘ഒഡീസയുടെ മോഡി’ എന്നറിയപ്പെടുന്ന സാരംഗി. പതിവായി സഞ്ചരിക്കുന്ന സൈക്കിളിൽ തന്നെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയത് അന്ന് വലിയ വാർത്തയായിരുന്നു.