വിസ്മയ കേസ് പ്രതി കിരണിന് പരോൾ : നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസ്മയുടെ പിതാവ്

തിരുവനന്തപുരം: കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. അതിൻ്റെ സാധുത അന്വേഷിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ത്രിവിക്രമൻ പറഞ്ഞു.
ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.
ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺകുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവന് സ്വര്‍ണവും ഒന്നേ കാല് ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു