ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : NCP (അജിത് )25 സീറ്റിൽ മത്സരിക്കും
മുംബൈ: ‘ദേശീയ പാർട്ടി’ എന്ന പദവി തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റിൽ മത്സരിക്കും. ഇതിൽ 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പാർട്ടി പദവി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്രയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാർട്ടി ശ്രമിക്കുന്നത്. എന്നാൽ അരുണാചൽ പ്രദേശിൽ ഒഴികെ മത്സരിച്ച മറ്റൊരു സ്ഥലത്തും പാർട്ടിക്ക് ഒരു വിജയവും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ജമ്മു കശ്മീർ, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 35, 25 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. എന്നാൽ, അരുണാചലിൽ അവർ മത്സരിച്ച 14 സീറ്റിൽ മൂന്നെണ്ണം നേടി.
ഡൽഹിയിൽ 25 സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് പാർട്ടി ദേശീയ വക്താവ് ബ്രിജ്മോഹൻ ശ്രീവാസ്തവ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) മുന്നണിയായി മത്സരിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്, എന്നാൽ ബിജെപി ചിന്തിക്കുന്നത് മറിച്ചാണ്. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പ് പാർട്ടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുരാരി, ബദ്‌ലി, മംഗോൾ പുരി, ചാന്ദ്‌നി ചൗക്ക്, ബല്ലി മാരൻ, ഛത്തർപൂർ, സംഗം വിഹാർ, ഓഖ്‌ല, ലക്ഷ്മി നഗർ, സീമ പുരി, ഗോകൽ പുരി എന്നിവിടങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 2023 ഏപ്രിൽ 11-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് എൻസിപിയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചിരുന്നു .
ദേശീയ പാർട്ടി പദവി നീക്കം ചെയ്യാൻ വഴിയൊരുക്കിയ ഗോവ, മണിപ്പൂർ, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സംസ്ഥാന പാർട്ടി പദവിയും ഇസി റദ്ദാക്കി.