പെരിയ ഇരട്ടക്കൊലക്കേസ് : പ്രതികളുമായി പാർട്ടിക്ക് ബന്ധമില്ല :എൽഡിഎഫ് കൺവീനർ

0

കാസർകോട്/കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നു ബന്ധമില്ല എന്നും നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രതികരിച്ചു. സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടി നേതാക്കൾക്ക് വേണ്ടി മേൽക്കോടതിയിൽ പോകുമെന്നാണ് ബാലകൃഷ്ണൻ പ്രതികരിച്ചത്. മുൻ എംഎൽഎ കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ, പ്രാദേശിക നേതാക്കളയ രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി, കെ മണികണ്ഠൻ എന്നിവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന കുറ്റമാണ് തെളിഞ്ഞത്. ഒന്നാം പ്രതി സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു.

പെരിയ വിധിയെ സ്വാ​ഗതം ചെയ്യുന്നതായും സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയത് നീതീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിപികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

സിപിഎം പാർട്ടി നേതാക്കൾ ഉൾപ്പെട്ടതിന്റെ തെളിവാണ് വിധിയെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. സിപിഎമ്മിന് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ നികുതി പണം ഉൾപ്പെടെ എടുത്താണ് സർക്കാർ സിബിഐ അന്വേഷണം ഒഴിവാക്കാൻ വാദിച്ചതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിൻ്റെ ഉന്നത നേതൃത്വമാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ടി സിദ്ധിഖ് എംഎൽഎ പ്രതികരിച്ചു.

സിപിഎം നടത്തിയ നിഷ്‌ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വെറുതെവിട്ടവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഇനിയെങ്കിലും സിപിഎം ഏറ്റെടുക്കണം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *