‘ബിജെപി കേക്ക് ‘ മേയർ സ്വീകരിച്ചത് നിഷ്‍കളങ്കമല്ല – സുനിൽ കുമാർ

വീട്ടിൽ വരുന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് എന്റെ സംസ്‌കാരമല്ല – തൃശൂർ മേയർ
തൃശൂർ :തൃശൂർ മേയർ ബിജെപി നേതാവിൽ നിന്ന് ക്രിസ്‌മസ് കേക്കുവാങ്ങിയതിൽ രൂക്ഷ വിമർശനവുമായി
മുൻമന്ത്രിയും സിപിഐ നേതാവുമായ വി.സുനിൽ കുമാർ .കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും സുനിൽകുമാർ പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയർ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേക്ക് കൊടുത്തതിൽ കുറ്റം പറയുന്നില്ല. എന്നാൽ തൃശൂർ മേയർക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്നും ഇതിൽ അത്ഭുതം തോന്നിയില്ലെന്നും സുനിൽകുമാർ പറഞ്ഞു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എംകെ വർഗീസിനെ സന്ദർശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിഎസ് സുനിൽകുമാർ വിമർശനവുമായി രംഗത്തെത്തിയത് .
ഇതിനെ തുടർന്ന് തൻ്റെ ഭാഗം വിശദീകരിക്കാൻ വേണ്ടി വിളിച്ച പത്രസമ്മേളനത്തിൽ ബിജെപിക്കാര്‍ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ വന്നതല്ലെന്ന് മേയർ വ്യക്തമാക്കി.
. ” ക്രിസ്മസ് ദിവസമാണ് അവര്‍ വന്നത്. ക്രിസ്മസിന് എല്ലാവരും പരസ്പരം സ്നേഹം പങ്കിടും. ഇത്തരത്തില്‍ സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല. കാരണം, ഞാന്‍ ക്രിസ്ത്യാനിയാണ്. സ്നേഹം പങ്കിടുന്നവരാണ്. നാല് വര്‍ഷക്കാലമായി ഞാന്‍ കേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ഓഫീസില്‍ എത്തിക്കാറുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെത്തിക്കും. ഇന്നുവരെ മുടക്കിയിട്ടില്ല” മേയർ പറഞ്ഞു.
സുനില്‍കുമാര്‍ എംപി ആണെന്ന് കരുതുക, ബിജെപി ഒരു കേക്ക് കൊടുത്താല്‍ അദ്ദേഹം വാങ്ങില്ലേ എന്ന് എം കെ വര്‍ഗീസ് ചോദിച്ചു . കേക്കു വാങ്ങി എന്നതിന്റെ പേരില്‍ ആ പ്രസ്ഥാനത്തിനൊപ്പം പോയി എന്നതാണോ?
സുനില്‍കുമാറിന് എന്തും പറയാം അദ്ദേഹം പുറത്തുനില്‍ക്കുകയാണ്. ഞാന്‍ ഒരു ചട്ടക്കൂടിനകത്താണ് അതും ഇടതുപക്ഷത്തിന്റെ . ഒരുമിച്ച് വളരെ സൗദഹപരമായി ഇവിടുത്തെ പുരോഗതിക്ക് വേണ്ടി മാത്രം മുന്നോട്ട് പോകുന്ന മേയറാണ് ഞാന്‍. അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയുന്നത് തെറ്റാണ്. കാരണം ഇടതുപക്ഷത്ത് നിലനില്‍ക്കുന്ന ഒരാളാണത് പറയുന്നത്.
മേയർ വിശദീകരിച്ചു.