എംടി എന്ന മഹാത്ഭുതം!
എംടിയുടെ രചനാരീതിയും നേരിട്ട് കണ്ടപ്പോൾ ഉണ്ടായ അനുഭവവും സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സുരേഷ് വർമ്മ പങ്കുവെക്കുന്നു …
ഭാഷാപിതാവിന് ശേഷം കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി മലയാളത്തിൽ അക്ഷരങ്ങളുടെ സുഗന്ധം പരത്തിയ എഴുത്തച്ഛൻ ആയിരുന്നു എം ടി .ഭാഷ ,സംസ്കാരം സാഹിത്യം , സിനിമ പത്രാധിപത്യം തുടങ്ങി എത്രയെത്ര മേഖലകളിലാണ് ഈ അത്ഭുത മനുഷ്യൻ നിശബ്ദ ജൈത്ര യാത്ര നടത്തിയത് !
മൗനവും നിസ്സംഗ ഭാവവും ആയിരുന്നു അദ്ദേഹത്തിൻറെ വജ്രായുധങ്ങൾ. എന്നാൽ അതീവ സൂക്ഷ്മതയോടെ മാനവികതയെ യുംമതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച എംടിയുടെ മൊഴിമുത്തുകൾ എവിടെയെല്ലാം മലയാളി ഉണ്ടോ അവിടെയെല്ലാം
അനുരണനങ്ങൾ സൃഷ്ടിച്ചു. ആ ഉറച്ച നിലപാടുകളുടെ മുഴക്കങ്ങൾ ഭരണസിരാ കേന്ദ്രങ്ങളിൽ പോലും ഭൂചലനങ്ങൾ സൃഷ്ടിച്ചു.
എം ടി എന്ന അക്ഷര സൂര്യനെ വല്ലാതെ ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതുണ്ട്.
പഴയ ഫ്യൂഡൽ വ്യവസ്ഥയുടെ ഗുണദോഷസമ്മിശ്രമായ പശ്ചാത്തലം തന്നെ ആയിരുന്നു എൻറെ തറവാടിനും. വിശ്വാസങ്ങളും മിത്തുകളുംകെട്ടു പിണഞ്ഞു കിടന്ന അറകളും നിലവറയും വ്യാളീ രൂപങ്ങളുമുള്ള നാലുകെട്ടിൻ്റെ അകത്തളങ്ങളിൽസാരോപദേശങ്ങളുടെ വൃദ്ധ ശബ്ദങ്ങൾ പ്രതിധ്വനിച്ചിരുന്നു.കുടുംബാംഗങ്ങളും പരിചാരകരും മറ്റുമായി നാല്പതോളം മനുഷ്യ ജീവിതങ്ങളെ രാത്രികാലങ്ങളിൽ ആ നാലുകെട്ട് ആഗിരണം ചെയ്തിരുന്നു.നിസ്സഹായതയുടെ ചുടു നിശ്വാസങ്ങൾ ..!
തറവാട്ടിലെ ഈറ്റു പുരയിൽ പിറന്ന് ജീവപര്യന്തം കഴിഞ്ഞ് തറവാട്ടിൽ തന്നെ നിലച്ചുപോയ പെൺ ഹൃദയങ്ങൾ ..
വ്യവഹാര ത്തിൻറെ കുരുക്കിൽ എല്ലാം അന്യാധീനപ്പെട്ടുത്തിയ പ്രതാപശാലികളായ അഹംഭാവത്തമ്പുരാക്കന്മാരുടെ ഗതകാല ചരിതങ്ങൾ.. സേതുവിനെ പോലെ സേതുവിനെ മാത്രം സ്നേഹിക്കുന്ന ഒരാൾ… ഒരു അസുരവിത്ത് …
നിശ്ശബ്ദ പ്രണയങ്ങൾ, വിരഹിണിയായ ഒരു മുറപ്പണ്ണ്… ഭ്രാന്തനമ്മാവൻ എല്ലാമുണ്ടായിരുന്നു ആ പ്രകാശം പിണങ്ങി നിന്ന മുറികളിൽ .എംടിയുടെ ഏത് കഥാപാത്രത്തെ എടുത്താലും ഭൂതകാലത്തോ അപ്പോളോ തറവാട്ടിൽ ജീവിച്ചിരുന്ന ഒരു കഥാപാത്രത്തെ തുലനം ചെയ്യാൻ ഉണ്ടാകും.വടക്കിനിയും കിഴക്കിനിയും തെക്കിനിയും , ഓപ്പോളും അടക്കം ആ കഥാന്തരീക്ഷംഒക്കെ എനിക്കും നന്നേ പരിചിതമായിരുന്നു.അതുതുകൊണ്ട് തന്നെ ആ വരികളിലേക്ക് കുട്ടിക്കാലത്തുതന്നെ ഓടിക്കയറാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. വരമൊഴിയിൽ വള്ളുവനാടൻ ഭാഷയും ഓണാട്ടുകര ഭാഷയും തമ്മിൽ വലിയ അന്തരം ഒന്നും അക്കാലത്ത് അനുഭവപ്പെട്ടിരുന്നില്ല. നമ്മൾ കേൾക്കാനോ പറയാനോ ആഗ്രഹിച്ചിരുന്ന വാക്കുകൾ
എം ടിയുടെ കഥാപാത്രങ്ങളിലൂടെ അനുഭവിക്കുമ്പോൾ കഥാകാരനോട്ട് പിന്നെയും ഇഷ്ടം കൂടി.
എം ടി യുടെ എല്ലാ കഥാപാത്രങ്ങളും എന്നും ഈ മണ്ണിൽ കാലുറപ്പിച്ചു നില്ക്കുന്നവരായിരുന്നു.എൺപതുകളുടെ ഉത്തരാർദ്ധത്തിൽ ഒരു നിരൂപകൻ മനസ്സിൽ കോറിയിട്ട ചില അഭിപ്രായങ്ങൾ വല്ലാതെ സ്വാധീനിച്ചു പോയി എന്ന് കുറ്റബോധത്തോടെ ഓർക്കുന്നു.അദ്ദേഹം എഴുതി എംടി മാടമ്പി നായന്മാരുടെ കഥകൾ ഫ്യൂഡൽ ഭാഷയിൽ പറയുന്ന ഒരു സാധാരണ എഴുത്തുകാരനാണ്. എംടിയുടെ കഥകളിൽ എല്ലാം ഒരു തരം ഏകതാനത ഉണ്ട്.അക്കാലത്ത് ഈ ഉപരിപ്ലവമായ നിരീക്ഷണങ്ങൾ ശരിയെന്നു തോന്നി.
പിൽക്കാലത്ത് വീണ്ടും കാലവും മഞ്ഞും മറ്റും വായിക്കുമ്പോൾ മറ്റൊരു കൃതിയായി തോന്നി. പണ്ടത്ത വായന വെറും കഥാസഞ്ചാരങ്ങൾ മാത്രമായിരുന്നു എന്നു തിരിച്ചറിഞ്ഞു. അന്നു മനസ്സിലായി പ്രശ്നം ആ നിരൂപകൻ്റെ സംവേദന സിദ്ധികളുടേതാണ് എന്ന്.
എംടിയുടെ എഴുത്തുഭാഷയെ ലളിതം എന്ന് പലരും ന്യൂനവത്ക്കരിക്കാറുണ്ട്. ശരിയാണ്. എന്നാൽ അനന്യവും അഗാധവുമായ അർഥതലങ്ങൾ ഉള്ളേറ്റുന്നതു കൊണ്ടാണ് ആ ലാളിത്യത്തിന് മഹത്വമുണ്ടാകുന്നത്. സേതുവിന് സ്നേഹം സേതു വിനോടു മാത്രം എന്നും സാഗരങ്ങളെക്കാൾ എനിക്ക് പ്രിയം നിള യാണെന്ന് പ്രഖ്യാപിക്കുമ്പോഴും ദൈവമുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ കൊടിക്കുന്നത്ത് ഭഗവതിയുണ്ട് എന്നു ഉറപ്പിച്ചു പറയുമ്പോഴും കുട്ട്യേടത്തിയെ തൊട്ടു കണ്ണെഴുതാം എന്ന് എഴുതുമ്പോഴും ആ ലാളിത്യത്തിനപ്പുറം ഗഹനങ്ങളായ ആശയങ്ങളുടെ ഒരു ആഴക്കടൽ നമുക്ക് അനുഭവേദ്യമാകുന്നു.
‘രണ്ടാമൂഴം’ ഏറ്റവും മികച്ച വായനാനുഭവം ആയിരുന്നു മാസങ്ങളോളം അക്കാലത്ത് ആ കൃതി തലയണച്ചുവട്ടിൽ സൂക്ഷിച്ചിരുന്നത് ഓർത്തുപോകുന്നു. മഹാബലിയെ പോലെ കുടവയറും പൊണ്ണത്തടിയുമായി നമ്മുടെ മനസ്സിൽ നിറഞ്ഞു നിന്ന വൃകോദരനെ വലിച്ചു പുറത്തിട്ട് ഉടച്ചു വാർത്ത് എം ടി വിരൽ ചൂണ്ടി ഇതാണ്, ഇതാണ് കാരിരുമ്പിൻ്റെ കരുത്തുള്ള ഭീമസേനൻ !
മലയാള സാഹിത്യത്തിൽ ആധുനികതയുടെ വാതായനങ്ങൾ തുറന്നിട്ട ആദ്യ എഴുത്തുകാരൻ എം ടി ആയിരുന്നു എന്ന് നിരൂപകൻ പി കെ രാജശേഖരൻ ഓർമ്മിപ്പിക്കാറുണ്ട് . കാക്കനാടനും മുകുന്ദനും വിജയനും സേതുവും കുഞ്ഞബ്ദുള്ളയും ഒക്കെ അടങ്ങുന്ന എഴുത്തുകാരാണ് ആധുനികതയെ മലയാളത്തിൽ ആഘോഷിച്ചു തീർത്തത് എന്നത് സത്യമാണെങ്കിലും അവരുടെ എല്ലാം പിന്നിൽ ഒരു ചാലകശക്തിയായി എംടി എന്നും ഉണ്ടായിരുന്നു.
എം മുകുന്ദൻ, സേതു, രാമനുണ്ണി, സുഭാഷ് ചന്ദ്രൻ തുടങ്ങി നാലു തലമുറയിൽ പെട്ട എല്ലാ മികച്ച എഴുത്തുകാർക്കും പറയാൻ ഏറെയുണ്ട് എം ടി എന്ന വന്മതിലിനെ പറ്റി. ഇവരുടെയെല്ലാം ചുവരുകളിൽ എം ടി യോടൊപ്പമുള്ള ഒരു ചിത്രവും കാണും.
എംടിയുടെ സാർഥകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആധുനികതയുടെ കടന്നുവരവ് പിന്നെയും നീണ്ടു പോകുമായിരുന്നു.ലോക സാഹിത്യത്തിൻറെ പുത്തൻ തുടിപ്പുകൾ പോലും തൊട്ടറിഞ്ഞിരുന്ന എം ടി മലയാളിത്തം തുടിക്കുന്ന സാംസ്കാരിക പരിസരത്ത് നിലയുറപ്പിച്ചു കൊണ്ട് തന്നെ കഥ പറഞ്ഞു.സ്വപ്ന നഗരങ്ങളുടെ തിരയിളക്കങ്ങൾ എം ടി തൻറെ നിളാ പരിസരങ്ങളിലേക്ക് ആവാഹിച്ചു. നിള എന്ന മാമാങ്ക നദിയെ അക്ഷരപ്പൂക്കളാൽ വിമലീകരിച്ച് എം ടി
മലയാളിയുടെ മുഴുവൻ പുണ്യഗംഗയാക്കി മാറ്റി.
എന്നും ചിലയ്ക്കുന്ന പക്ഷിയായിരുന്നില്ല എംടി . മാറാടു കലാപകാലത്തും, ധാബോൾക്കർ വധിക്കപ്പട്ടപ്പോഴും വർഗ്ഗീയത പത്തി നിവർത്തി നൃത്തം ചെയ്ത പ്പോഴുമൊക്കെ എം ടി ഒരു സാംസ്കാരിക നായകൻ്റെ ദൗത്യം നിർവ്വഹിച്ചു.
തൻറെ തിരക്കഥകളിൽ നായകന്മാരെ സകലകലാവല്ലഭൻ മാരാക്കി പാപരഹിതരാക്കാതെ നന്മതിന്മകളുടെ ദ്വന്ദ്വങ്ങളെ അവരിൽ നിക്ഷേപിച്ചു.നിസ്സഹായയായ പെണ്ണിൻറെ കണ്ണീർ പാടങ്ങൾ മാത്രമല്ല പെൺ പ്രതികാരത്തിൻ്റെ അഗ്നിപഥങ്ങളും എംടി നമ്മെ അനുഭവിപ്പിച്ചു.
‘ചരിത്രം വിജയികളാൽ വിരചിക്കപ്പെടുന്നു’ എന്ന് പ്രസ്താവിച്ചത് ജോർജ് ഓർവെൽ ആണ് . എന്നാൽ ചരിത്രം
തോൽവി ഏറ്റുവാങ്ങിയ യുദ്ധങ്ങളുടെ കൂടിയാണെന്ന് എംടി അടിവരയിട്ട് പറയുന്നു.പെരുന്തച്ചനും ഭീമസേനനും
ചന്തുവും അത്യന്തികമായി തോൽവി കൈവരിച്ച വരാണ് .എന്നാൽ അവർ എംടിയുടെ തൂലികയിലൂടെ ജനഹൃദയങ്ങളിൽ
വിജയക്കൊടി പാറിച്ച് തിളങ്ങിനിൽക്കുന്നു. അതെ, വിജയം ഏതുവിധേനയും വിജയം തട്ടിയെടുത്ത വിജയികളുടെ മാത്രമല്ല .മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിക്കാത്ത നിരൂപക ശ്രദ്ധയും വായനാ സമൂഹവും എംടിക്ക് ലഭിച്ചു
വിശിഷ്യാ അദ്ദേഹത്തിൻറെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ചും അതിനുശേഷവും . എംടിയുടെ കൃതികളും ദർശനങ്ങളും സംഭാവനകളും വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ അപഗ്രഥിക്കപ്പെട്ടു. ചർച്ചചെയ്യപ്പെട്ടു.
എം ടി യുടെ അജ്ഞാതരായ അസംഖ്യം വായനക്കാരിൽ ഒരാളെന്ന നിലയിൽ ചില ദീപ്തമായ ഓർമ്മകൾ കൂടി ..
“എൺപതുകളിൽ കോളേജ് കാലത്ത് കഴക്കൂട്ടത്ത് ഒരു സാഹിത്യ പരിപാടി നടക്കുന്നു.സ്റ്റേജിൽ പരിചിതമായ രണ്ടു മുഖങ്ങൾ .മലയാളത്തിലെ എക്കാലത്തെയും മികച്ച വായനക്കാരായ രണ്ടു മഹാപ്രതിഭകൾ . എം ടി യും പി ഗോവിന്ദപ്പിള്ളയും. എം ടിയുടെ മനോഹരമായ സുദീർഘ ഭാഷണം കഴിഞ്ഞ് അദ്ദേഹം മെല്ലെ പുറത്തിറങ്ങി. എം ടി യെ ഒന്നു തൊടണം എന്ന് ഒരു മോഹം . അവിടെ കാണാനിടയായ കള്ളിക്കാട് രാമചന്ദ്രനോട് തമാശരൂപത്തിൽ എൻ്റെ അദമ്യമായ ആഗ്രഹം പറഞ്ഞു ‘
അദ്ദേഹം പറഞ്ഞു ഞാൻ പരിചയപ്പെടുത്താമല്ലോ. ഇന്ന് രജനീകാന്തി നോടും വിജയ് യോടും തമിഴ് ജനതയ്ക്ക് ഉള്ള ഹീറോ വർഷിപ്പായിരുന്നു ഞങ്ങളുടെ തലമുറയ്ക്ക് എംടി യോടും തകഴിയോടും മറ്റും. പരിപാടി കഴിഞ്ഞതും എംടിയെ സംഘാടകർ കൈ വലയം തീർത്ത് കാറിലേക്ക് കടത്തി. തൊണ്ണൂറുകളുടെ മധ്യകാലത്ത് മുംബൈയിലും എംടിയുടെ ഒരു കൈപ്പാട് അകലം വരെ എത്തിയെങ്കിലും ആ നിസ്സാര മോഹം സാധ്യമായില്ല ഒടുവിൽ ഏറെ വൈകാതെ അത് സംഭവിച്ചു
ഞാനും കുടുംബവും ഹരിപ്പാട് സ്റ്റേഷനിൽ നിന്നും മുംബൈയിലേക്ക് പോകാൻ നേത്രാവതി എക്സ്പ്രസിൽ കയറുന്നു.
ആ 2 AC കുപ്പയിൽ മറ്റാരുമുണ്ടായിരുന്നില്ല.ഭാര്യയും ബാലികയായ മകളും താഴെയുള്ള രണ്ട് ബർത്തകളിൽ വിരിയിട്ടു . ഞാൻ അവളുടെ അരികിലായി ഇരുന്നു പൊടുന്നനെ ടിക്കറ്റ് എക്സാമിനർ പ്രത്യക്ഷനായി ‘ ടിക്കറ്റ് ഒന്നും ചോദിച്ചില്ല പകരം ഒരു ഫേവർ ചെയ്യാമോ സർ എന്നായിരുന്നു ആരാഞ്ഞത് .
വിഷയം ഇതാണ് അടുത്ത കൂപ്പെയിലെ നാലു സീറ്റുകളിലും വൃദ്ധജനങ്ങൾ ആണ്. അവരിൽ രണ്ട് പേർ സ്ത്രീകൾ
അവർക്ക് മുകളിലത്തെ ബർത്തി ലേക്ക് കയറാൻ കഴിയുന്നില്ല . ഒരാൾ സുഖമില്ലാത്ത ആളാണ്. വലിയ എഴുത്തുകാരനാണ്. സാർ ഈ കുട്ടിയെ മുകളിലത്തെ ബർത്തിൽ കിടത്താമോ?
ഞാൻ മെല്ലെ ഒന്നു പാളിനോക്കി . അടുത്ത കൂപ്പെയിൽ നന്നേ വയോധികരായ മൂന്നുപേർ. നാലാമന് അത്രക്ക് പ്രായമില്ല. ചാരനിറത്തിലുള്ള നമ്മൾ പൊന്നാട എന്ന് വിളിച്ചു വേദിയിൽ ആദരിക്കാറുള്ള ചാരനിറത്തിലുള്ള ഒരു ഷാൾ പുതച്ചിട്ടുണ്ട്. അതെ, സാക്ഷാൽ എം ടി വാസുദേവൻ നായർ !
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഒന്നല്ല രണ്ടു ലോവർ ബർത്തും കൊടുക്കാം. പെട്ടെന്ന് മകളെ മാറ്റിയിരുത്തി.ഞാൻ അദ്ദേഹത്തിൻറെ സമീപമെത്തി അവിടേക്ക് ക്ഷണിച്ചു.അദ്ദേഹം നിർമമത പുതച്ചിരുന്നു . ഒന്നും മിണ്ടിയില്ല. അനങ്ങിയില്ല .ഒരു നോട്ടം പോലും എറിഞ്ഞില്ല .ആർക്കും വ്യാഖ്യാനിക്കാൻ ആകാത്ത ഒരു മുഖഭാവത്തോടെ എവിടേക്കോ കണ്ണുനട്ടിരുന്നു.ടിക്കറ്റ് എക്സാമിനർ വന്നു പറഞ്ഞു. അടുത്ത കൂപ്പെ യിലേക്ക് വന്നോളു സർ. ലോവർ ബർത്ത് ഉണ്ട് . എം ടി മെല്ലെ നടന്നു വന്നു.ഞാൻ അദ്ദേഹത്തിന് ബെഡ് റോൾ വിരിച്ചു കൊടുത്തു.അപ്പോഴും ഒരു വാക്കുപോലും മിണ്ടിയില്ല
കുശല പ്രശ്നത്തിന് ശ്രമിച്ചപ്പോൾ തെല്ലും പ്രതികരിച്ചില്ല. എം ടി അങ്ങനെയാണ് . പെട്ടെന്നൊന്നും തന്നിലേക്ക് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല. ഒരിക്കൽ ഹൃദയത്തിൽ കടന്നുകൂടിയാൽ അവിടെനിന്നും പുറത്തിറങ്ങാനും വിടില്ല..ഉച്ചയ്ക്ക് അദ്ദേഹം ഭക്ഷണം ഒന്നും കഴിച്ചില്ല.ടിക്കറ്റ് എക്സാമിനർ പറഞ്ഞു മലയാളത്തിൻറെ പ്രഗത്ഭരായ ഒരുപാട് ആളുകളെ ഞങ്ങൾ കാണാറുണ്ട് .എംടി അത്യപൂർവ്വമായി മാത്രമേ ട്രയിൻ യാത്ര നടത്താറുള്ളൂ. ഞാൻ ആദ്യമായി കാണുകയാണ്.അടുത്ത കമ്പാർട്ട്മെൻറുകളിൽ നിന്നൊക്കെ കേട്ടറിഞ്ഞ് പലരും വന്നുഎംടി ആരെയും ശ്രദ്ധിച്ചില്ല.
അല്പം കഴിഞ്ഞു സുഖമായി ഉറങ്ങി.ഉച്ചയ്ക്ക് മൂന്നര മണി കഴിഞ്ഞിട്ടും അദ്ദേഹം ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. ഉറക്കമുണർന്നപ്പോൾ യാത്രയിൽ കരുതിയിരുന്ന ഭക്ഷണം ഞങ്ങൾ ഓഫർ ചെയ്തെങ്കിലും എം ടി ഒന്നും പറഞ്ഞില്ല.അനുവാദത്തിനു കാത്തു നിൽക്കാതെ ഒരു ആപ്പിൾ ചെറുകഷണങ്ങളായി അദ്ദേഹത്തിൻറെ മുന്നിൽ വച്ചു.രണ്ടോ മൂന്നോ കഷണങ്ങൾ കഴിച്ചു. പിന്നെ മകളെ നോക്കി ഒന്നു ചുണ്ടനക്കി.ഒരര പുഞ്ചിരി.
പിന്നെയും രണ്ടര മണിക്കൂർ ഒപ്പം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വായനയിൽ മുഴുകി ഇരിക്കുമ്പോൾ കട്ടുറുമ്പാകാൻ തോന്നിയില്ല.അല്പം കഴിഞ്ഞ് എന്നെ നോക്കി.മെല്ലെ ഇടതുകൈ ഉയർത്തി കണ്ണൊന്നു ചലിപ്പിച്ചു. വണ്ടിയുടെ വേഗത കുറഞ്ഞു.കോഴിക്കോട് മറ്റൊരു പരിപാടിയുടെ സംഘാടകർ ബാഡ്ജ് കുത്തി കാത്തു നില്ക്കുന്നു.
അദ്ദേഹം ട്രെയിനിൽ നിന്ന് പതുക്കെ ഇറങ്ങി. പിന്നാലെ പ്ലാറ്റ്ഫോമിലിറങ്ങി ഞാൻ സധൈര്യം വലംകൈ നീട്ടി. അങ്ങനെ 20 കൊല്ലമായി മനസ്സിൽ കൊണ്ടുനടന്ന എൻ്റെ സ്പർശനമോഹം സഫലീകരിച്ചു.സഫലമാ യാത്ര!
സ്വീകരിക്കാൻ വന്നവരോടൊപ്പം എം ടി പ്ലാറ്റ്ഫോമിന് പുറത്തേക്ക് മെല്ലെ നടക്കുന്നത് ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു.തൊട്ടതെല്ലാം തനിതങ്കം ആക്കി മാറ്റിയ പൂർണ്ണത ആർജിച്ച ധന്യ ജീവിതത്തിൻറെ ഉടമയായ ഈ മഹാപ്രതിഭ തൻറെ അക്ഷരങ്ങളിലൂടെ മലയാളം ഉള്ള കാലം ജീവിക്കും .തീർച്ച. നമ്മുടെ കഥ കഴിഞ്ഞാലും എം ടി യുടെ അക്ഷരപ്രപഞ്ചം സുദീപ്തമായി തുടരും.ആയതിനാൽ ….
മരണമില്ലാത്ത എം ടിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നില്ല! “