വാരണസിയില്‍ മഞ്ഞു മൂടുന്ന കാലം

0

 

സി.പി.കൃഷ്ണകുമാർ (കഥാകൃത്ത് -പ്രഭാഷകൻ )

 

“എം ടി വാസുദേവന്‍ നായര്‍ മലയാളിക്ക് ഒരു എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍ , പത്രാധിപര്‍ തുടങ്ങിയതിന് ഒക്കെ ഏറെ മുകളില്‍ ഉള്ള ഒരു സാംസ്കാരിക വെളിച്ചം ആണ് .
തകര്‍ന്ന നായര്‍ തറവാടുകളിലെ, മരുമക്കത്തായത്തിന്‍റെ കയ്പ്പുകള്‍ അനുഭവിച്ച ചെറുപ്പം , വളുവനാടന്‍ ഭാഷയുടെ പിന്‍ ബലത്തോടെ മലയാളിയുടെ മനസ്സുകളില്‍ പതിഞ്ഞ കാലം . നാലുകെട്ട് , കാലം , അസുരവിത്ത് ഒക്കെ വായിച്ച മലയാളിക്ക് “മഞ്ഞ്” എന്ന നോവല്‍ വ്യത്യസ്ത അനുഭവം ആയി. ബോധധാര സമ്പ്രദായത്തില്‍ ഉള്ള നോവലുകള്‍ പരമര്‍ശിക്കുമ്പോള്‍ ഈ നോവല്‍ പറയതിരിക്കാന്‍ ആവില്ല . “രണ്ടാമൂഴം” , മഹാഭാരതം അവലംബിച്ചെഴുതിയ ഭാരതീയ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയം ആയ രചനകില്‍ ഒന്നാണ് . “വാരാണസി”യില്‍ എം ടി എന്ന നോവലിസ്റ്റ് നാലുകെട്ട് എഴുതിയ പ്രതിഭയുടെ ഏറെ ഭിന്നം ആയ സര്‍ഗ്ഗ സിദ്ധി പ്രകടം ആക്കി .
ചെറുകഥകളില്‍ എം ടി എന്ന എഴുത്തുകാരന്‍റെ കയ്യൊപ്പ് മായാതെ നില്‍ക്കുന്ന രചനകള്‍ ഏറെ . വാനപ്രസ്ഥം , ഷെര്‍ലക്ക് , ഇരുട്ടിന്‍റെ ആത്മാവ് , കുട്ട്യേടത്തി , തുടങ്ങിയവ ചില ഉദാഹരങ്ങള്‍ .
വിശ്വ സാഹിത്യം എന്നും ഗൌരവത്തില്‍ പഠിച്ച ഒരു ആജീവനാന്ത വിദ്യാര്‍ഥി ആണ് എം ടി .ഓരോ സാഹിത്യ കുതുകിയും അനുകരിക്കണ്ട മാതൃക. വിവിധ ലോക ഭാഷകളിലെ സാഹിത്യത്തിലെ മുത്തുകള്‍ തെരഞ്ഞെടുത്ത് വായിച്ച അദ്ദേഹം, എന്നും സ്വയം നവീകരണം സാധ്യം ആക്കിയ ഒരു എഴുത്തുകാരന്‍ ആണ് . എഴുത്തുകാര്‍ക്ക് മാര്‍ഗ്ഗ ദര്ശനം നല്‍കുന്ന ലേഖനങ്ങളും ( ഉദാ – കാഥികന്‍റെ പണിപ്പുര ) പ്രഭാഷണങ്ങളും ഈ വായനയെ മറ്റ് എഴുത്തുകാര്‍ക്കും പ്രചോദനം നല്കാന്‍ ഉപയോഗിച്ചു .
തിരക്കഥ എന്നത് ശക്തം ആയ സാഹിത്യം ആക്കി മാറ്റിയതില്‍ എം ടി ക്കു വലിയ പങ്കുണ്ട് . പെരുന്തച്ചന്‍ , വൈശാലി , ഒരു വടക്കന്‍ വീരഗാഥ , പഞ്ചാഗ്നി തുടങ്ങിയവ ഒക്കെ അഭ്രപാളിയില്‍ പകര്‍ത്തിയ മനോഹര സാഹിത്യ സൃഷ്ടികള്‍ . സ്വന്തം ചെറുകഥ ആയ “ പള്ളിവാളും കാല്‍ച്ചിലമ്പും” എം ടി എന്ന സംവിധായകന്‍ “ നിര്‍മ്മാല്യം “ സിനിമ ആക്കിയപ്പോള്‍ അത് വെള്ളിത്തിരയില്‍ നടത്തിയ ഗംഭീര സാഹിത്യസ്വാദനം കൂടി ആയി .
മാതൃഭൂമി ആഴ്ചപ്പത്തിപ്പിന്‍റെ പത്രാധിപര്‍ ആയ സമയം എം ടി , മലയാള സാഹിത്യത്തിലെ ഒട്ടേറെ പ്രതിഭകളെ വായനാ സമൂഹത്തിനു സമ്മാനിച്ചു . പിന്നീട് ഈടുറ്റ പല കൃതികളും ഇവരില്‍ നിന്നു ലഭിച്ചു എന്നതും നമുക്ക് കൃതജ്ഞത യോടെ ഓര്‍ക്കാം.
സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ ആയും , തുഞ്ചത്ത് എഴുത്തച്ഛന്‍ സ്മാരക സാരഥി ആയും ചെയ്ത സാംസ്കാരിക പ്രവര്‍ത്തനങ്ങളും മറക്കാന്‍ ആവില്ല .ഭാരതത്തിലെ ഒരു സാഹിത്യകാരന് ലഭിക്കാവുന്ന ഒട്ടേല്ലാ പുരസ്കാരങ്ങളും എം ടി യെ തേടി എത്തി . സിനിമാ മേഘലയിലെ സംഭാവനയ്ക്കും എല്ലാ ഉന്നത പുരസ്കാരങ്ങളും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടിട്ടുണ്ട്. ഒന്നിലേറെ സര്‍വകലാ ശാലകള്‍ ഡി ലിറ്റ് നല്കി. കേന്ദ്ര സര്ക്കാര്‍ പത്മഭൂഷന്‍ നല്കി ആദരിച്ചു .
കാല ഭൈരവന്‍ വാരണാസിയില്‍ നിന്നും ഒരിക്കലെങ്കിലും മോക്ഷം കൊതിക്കുന്ന ആത്മാക്കള്‍ക്കായി മറ്റൊരു ദിക്കില്‍ പോകുമെങ്കില്‍ അത് 2024 ഡിസംബര്‍ 26 നു , കോഴിക്കോട്ടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ എരിയുന്ന ചിതയ്ക്ക് അരികിലേക്ക് ആയിരിയ്ക്കും.
മലയാള സാഹിത്യത്തിന്‍റെയും സാംസ്കാരിക നഭസ്സിന്‍റെയും കമ്ര നക്ഷത്രം സ്വയം തിരിഞ്ഞു നോക്കുമ്പോള്‍ “ സഫലം ഈ യാത്ര “ എന്നാവും ജീവിതത്തെ പറ്റി വിലയിരുത്തുക. ഹൃദയങ്ങളില്‍ അമൂല്യങ്ങള്‍ ആയ അക്ഷര ഖനികള്‍ നിറച്ചു യാത്രയാവുന്ന മഹാ തൂലികയ്ക്ക് പ്രണാമം .”

Spread the love

Leave a Reply

Your email address will not be published. Required fields are marked *