റിയാദിലെ കിങ്ഡം അരീന; ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയം
റിയാദ്: അൽ ഹിലാൽ ക്ലബ്ബിൻറെ പ്രധാന സ്റ്റേഡിയമായ കിങ്ഡം അരീന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വിസ്തീർണം അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയം, കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ കാര്യത്തിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം എന്നിവ പരിഗണിച്ചാണ് കിങ്ഡം അരീന സ്റ്റേഡിയം ഗിന്നസ് ബുക്കിൽ ഇടംനേടി രണ്ട് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.
37,991 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയമായി കിങ്ഡം അരീന മാറിയെന്ന് സംഘാടന പ്രതിനിധി പറഞ്ഞു. 20,280 സീറ്റുകളുള്ള സ്റ്റേഡിയം കാണികളുടെ ശേഷിയുടെ കാര്യത്തിലും ഏറ്റവും വലിയ സ്റ്റേഡിയമാണ്. റിയാദ് സീസൺ ഫുട്ബാൾ കപ്പിനായുള്ള അൽഹിലാൽ, അൽനസ്ർ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് രണ്ട് സർട്ടിഫിക്കറ്റുകൾ നേടിയത്. സർട്ടിഫിക്കറ്റുകൾ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്, അൽ ഹിലാൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നഫാൽ എന്നിവർ ഏറ്റുവാങ്ങി. റിയാദ് സീസൺ കപ്പിനായുള്ള ഇൻറർ മിയാമി – അൽഹിലാൽ മത്സരത്തിന് വേണ്ടിയാണ് ജനുവരി 29ന് കിങ്ഡം അരീന സ്റ്റേഡിയം തുറന്നത്.