ലോകം ക്രിസ്മസ് ആഘോഷ നിറവിൽ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വിശുദ്ധ കവാടം തുറന്നു

0

വത്തിക്കാൻ: തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാട്. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ നാട്‌ വരവേറ്റു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി

ഇന്ത്യൻ സമയം രാത്രി ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം. പൂർണ ദണ്ഡവിമോചനം (പാപമുക്തി) ലഭിക്കുന്ന തീർഥാടനമാണിത്. ഈ കാലയളവിൽ 3.22 കോടി തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തോലിക്കാ സഭയിൽ 1300ൽ ആണ് വിശുദ്ധ വർഷാചരണം ആരംഭിച്ചത്. ഇപ്പോൾ എല്ലാ 25 വർഷം കൂടുമ്പോൾ വിശുദ്ധ വർഷം ആചരിക്കുന്നു.z

Spread the love

Leave a Reply

Your email address will not be published. Required fields are marked *