ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു

0
train

 

കണ്ണൂർ: കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് കുമ്പിട്ടു കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അതാരാണെന്ന് അന്വേഷിച്ച് കമന്റുകളുടെ പ്രവാഹമായിരുന്നു. ഇതിനിടയിൽ ആളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ പന്ന്യന്‍പാറ സ്വദേശി പവിത്രനാണ് ആ സാഹസികത ചെയ്തത്. ഫോണ്‍ ചെയ്തുകൊണ്ട് നടക്കുന്നതിനിടെ പെട്ടെന്നാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ട്രെയിന്‍ മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി. അതുതന്നെ. പവിത്രന്‍ പറയുന്നു.

വണ്ടി പോകുന്നതുവരെ അനങ്ങാതെ കിടന്നു. വണ്ടി പോയശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോന്നുവെന്നും പവിത്രന്‍ പറഞ്ഞു. സ്ഥലത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. പേടിച്ചുപോയിരുന്നു. വണ്ടി മുന്നില്‍ വരുമ്പോള്‍ ആരായാലും പേടിക്കുമല്ലോ. ആ പേടി ഇപ്പോഴുമുണ്ട്. ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല. മദ്യപിച്ചിരുന്നൊന്നുമില്ല. അറിയാതെ ട്രെയിനിന് മുന്നില്‍ പെട്ടുപോയതാണ്. സ്ഥിരം റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി വരാറുള്ളതാണെന്നും പവിത്രന്‍ പറഞ്ഞു.

സ്‌കൂള്‍ വാഹനത്തില്‍ കിളിയായി ജോലി ചെയ്യുകയാണ് ഇയാള്‍. വണ്ടി വെച്ചശേഷം കണ്ണൂരില്‍ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. ആ വീഡിയോ കണ്ടപ്പോള്‍ ഉള്ളില്‍ പേടിയുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന് തിരിയുന്നില്ല. ഇതിനു മുമ്പ് ഇങ്ങനെയൊരു സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ട്രെയിന്‍ വന്നതിന്റെ ശബ്ദമോ ഹോണടിയോ ഒന്നും കേട്ടില്ല. അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി, ചെയ്തുവെന്നും പവിത്രന്‍ മറുപടി നല്‍കി. ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ പന്നേന്‍പാറയില്‍വെച്ചായിരുന്നു അതിസാഹസികമായ ആ സംഭവം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *