കൊച്ചിയിൽ NCC ക്യാംപിൽ ഭക്ഷ്യ വിഷബാധ / പ്രതിഷേധവുമായി രക്ഷിതാക്കൾ

കൊച്ചി: കൊച്ചിയില്‍ നടത്തിയ എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കൊച്ചി കാക്കനാട് സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തില്‍ എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലാണ് സംഭവം. ഇതിനിടയില്‍ സംഭവം അറിഞ്ഞെത്തിയ രക്ഷിതാക്കളെ ക്യാമ്പിന് പുറത്ത് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. വിദ്യാര്‍ഥികളെ മൂന്ന് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്യാമ്പില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാകാം അണുബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.
500ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിര്‍ജലീകരണം സംഭവിച്ചതെന്നും ഭക്ഷ്യ വിഷബാധയെന്ന നിഗമനം ഈ ഘട്ടത്തില്‍ ഇല്ലെന്നും കര സേന വിഭാഗം അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.