ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു പത്തുപേർക്ക് ദാരുണാന്ത്യം
ബ്രസീൽ: തെക്കൻ ബ്രസീലിലെ വിനോദസഞ്ചാര നഗരമായ ഗ്രാമഡോയിൽ ചെറിയ വിമാനം തകർന്നുവീണ് മുഴുവൻ യാത്രികർക്കും ദാരുണാന്ത്യം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചതായി ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വിമാനം വീണതിനെ തുടർന്ന് താഴെയുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് പരിക്കേറ്റെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
വിമാനം ഒരു വീടിൻ്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം ഗ്രാമാഡോയിലെ ഒരു മൊബൈൽ ഫോൺ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബ്രസീലിയൻ വ്യാപാരിയായ ലൂയി ക്ലൗഡിയോ ഗലീസിയും ബന്ധുക്കളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്.റിയോ ഗ്രാൻഡെ ഡോ സുൾ സ്റ്റേറ്റിലെ കനേല വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഗ്രാമഡോയിൽ തകർന്നുവീഴുകയായിരുന്നു. എ.എഫ്.പി റിപ്പോർട്ട് അനുസരിച്ച്, 2007 ന് ശേഷം രാജ്യത്തെ ഹൈവേകളിലുണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിതെന്ന് ഫെഡറൽ ഹൈവേ പോലീസ് പറഞ്ഞു.