പുസ്തകങ്ങളിലൂടെ ഭാഷാ സ്നേഹം വളർത്താനുള്ള ദൗത്യം സംഘടനകൾ ഏറ്റെടുക്കണം : പ്രേമൻ ഇല്ലത്ത്
അമ്മിഞ്ഞപ്പാലുപോലെ പുസ്തകത്തിൻ്റെ ഗന്ധമറിഞ്ഞാണ് കുട്ടികൾ വളരേണ്ടതെന്ന് പ്രമുഖ എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത്
നിഷ മനോജ് (റിപ്പോർട്ട് )
ഡോംബിവ്‌ലി : ലാപ്ടോപ്പും ടാബും മൊബൈലും വാങ്ങിച്ചുകൊടുക്കുന്നതിനു പകരം കുട്ടികൾക്ക് പുസ്‌തകങ്ങൾ വാങ്ങിച്ചുകൊടുക്കാമെന്നും പുസ്തകത്തിൻ്റെ ഗന്ധമറിഞ്ഞാണ് കുട്ടികൾ വളരേണ്ടതെന്നും പ്രമുഖ എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് .അമ്മിഞ്ഞപ്പാലുപോലെ പുസ്തകങ്ങളുടെ രുചിയും അറിഞ്ഞുവേണം കുഞ്ഞുങ്ങൾ വളരേണ്ടതെന്നും ഭാഷാ സ്നേഹം വളരാനും ചിന്തിക്കാനും ആശയങ്ങൾ രൂപപ്പെടുത്താനും അതുവഴിയാണ് സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു . മലയാളഭാഷ പ്രചാരണ സംഘം ആ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും മലയാള ഭാഷയുടെ പ്രചാരണത്തിനായി ഇത്രയും വിപുലമായ കലോത്സവം കേരളത്തിനുപുറത്ത് മറ്റെവിടെയെങ്കിലും സംഘടിപ്പിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല എന്നും പ്രേമൻ ഇ ല്ലത്ത് പറഞ്ഞു . മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിൻ്റെ പതിമൂന്നാമത് മലയാളോത്സവം – കേന്ദ്രോ ത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോംബിവ്‌ലി നിവാസികൂടിയായ പ്രേമൻ ഇല്ലത്ത് .
ചടങ്ങിൽ മലയാളോത്സവം കൺവീനർ അനിൽ പ്രകാശ് സ്വാഗതം പറഞ്ഞു .കേരളീയസമാജം ഡോംബിവ്‌ലി ചെയർമാൻ വർഗ്ഗീസ് ഡാനിയൽ , കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റ് ടിഎൻ ഹരിഹരൻ ,പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ നവാസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി .മലയാളഭാഷാപ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് ,സെക്രട്ടറി രാജൻ നായർ ,കല്യാൺ -ഡോംബിവ്‌ലി മേഖല പ്രസിഡണ്ട് രജനി, സെക്രട്ടറിയും മലയാളോത്സവം കൺവീനറുമായ പ്രശാന്ത് രാജ് ,ട്രഷറർ ജയന്തി മനോജ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
വ്യത്യസ്തതലമുറകളിൽപെട്ട സർഗ്ഗധനരായ കലാസ്നേഹികളുടെ സംഗമവേദിയായി മാറിയ സർഗ്ഗോത്സവം
കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ മുത്തച്ഛനും മുത്തശ്ശിമാർ വരെയുള്ള ആയിരത്തോളം പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ പങ്കെടുത്തത് .
10 വേദികളിലായി 600 ഓളം സോളോ മത്സരങ്ങളും 100 ലേറെ സംഘമത്സരങ്ങളും കേന്ദ്ര കലോത്സവത്തില്‍ നടന്നു.മത്സരങ്ങളുടെ വിധിനിർണ്ണയിക്കുന്നതിനായി മുംബൈയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ പ്രഗത്ഭരായ മുപ്പത്തിയെട്ടോളം ജൂറിഅംഗങ്ങളുണ്ടായിരുന്നു.
തുടർച്ചയായ നാലാം തവണയും കല്യാൺ – ഡോംബിവ്‌ലി മേഖല കിരീടം നിലനിർത്തി
വിവിധ മേഖലകളിൽ നിന്നുമെത്തിയ വ്യത്യസ്ത പ്രായക്കാരായ മത്സരാർത്ഥികളുടെ സാന്നിധ്യം കൊണ്ടും
അവരുടെ അവതരണ മികവുകൊണ്ടും സദസ്സുകൊണ്ടും ശ്രദ്ദേയമായി മാറിയ പതിമൂന്നാമത് മലയാളോത്സവത്തിന് ഇത്തവണ ആതിഥേയത്വ൦ വഹിച്ചത് ഡോംബിവ്‌ലിയാണ് .കേരളീയസമാജം ഡോംബിവ്‌ലിയുടെ കീഴുള്ള കമ്പൽപാഡ മോഡൽകോളേജിൽ പത്തുവേദികളിലായി നടന്ന മത്സരങ്ങളിൽ തുടർച്ചയായ നാലാം തവണയും കല്യാൺ – ഡോംബിവ്‌ലി മേഖല ഓവറോൾ കിരീടം നിലനിർത്തി .
കേന്ദ്ര നേതൃത്തത്തിൻ്റെ പിന്തുണയോടെ എംബിപിഎസ് കല്യാൺ -ഡോംബിവ്‌ലി മേഖലയിലെ പ്രവർത്തകർ നടത്തിയ ചിട്ടയോയോടെയുള്ളപ്രവർത്തന മികവിൻ്റെ ഫലംകൂടിയായിരുന്നു വിജയകരമായി പര്യവസാനിച്ച പതിമൂന്നാം മലയാളോത്സവം .