സ്ഥലം  നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന് കേന്ദ്രം

0

തിരുവനന്തപുരം: സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങളുടെ അവലോകന യോ​ഗത്തിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി കേരളത്തിൽ ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. ഇതിനായി 150 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തി നൽകണം. കാസർകോട്ടെ ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാമെന്നാണ് കേന്ദ്രനിർ​ദ്ദേശം.

ആണവ നിലയം സ്ഥാപിച്ചാൽ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതിൽ പരിഹരിക്കാനാവുമെന്നാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്. അതേസമയം, ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രമന്ത്രിക്ക് കേരളം നൽകിയ നിവേദനത്തിലും ആണവനിലയത്തെക്കുറിച്ച് പരാമർശമില്ല. എന്നാൽ, മുൻപ്‌ ഊർജവകുപ്പും വൈദ്യുതിബോർഡും പദ്ധതിനിർദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസർകോട്ടെ ചീമേനിയുമാണ് ബോർഡ് നിർദേശിച്ചത്.

ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോർജ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയർമാൻ ബിജു പ്രഭാകർ നേരത്തേ ചർച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളിൽനിന്നായി 440 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി.യുടെ ലക്ഷ്യം. 7000 കോടി ചെലവുവരും. ഇതിന്റെ 60 ശതമാനം കേന്ദ്രം നൽകണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. അംഗീകാരമായാൽ 10 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *