ബെംഗളൂരുവിൽ നിന്നുള്ള ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി പുറപ്പെടും
കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന്. യാത്രക്കാരുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസമാണ് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഇന്ന് രാത്രി 11 മണിയ്ക്കാണ് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ട്രെയിൻ പുറപ്പെടുക.
0 6 0 5 7 എസ് എം വി ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസ് സ്പെഷ്യൽ 11:00 മണിയ്ക്ക് പുറപ്പെട്ട് നാളെ വൈകീട്ട് 04:30 നാണ് കൊച്ചുവേളിയിലെത്തുക. ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, രണ്ട് എസി ടു ടയർ കോച്ചുകൾ, മൂന്ന് എസി ത്രീ ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.
സർവീസ് പ്രഖ്യാപിച്ച് ബുക്കിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ സീറ്റുകളെല്ലാം ഫുള്ളാവുകയും ചെയ്തു. നിലവിൽ സ്ലീപ്പർ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 96 ആണ് ഉള്ളത്. 3 എ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 37, 2 എ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 15, 1 എ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 5 എന്നിങ്ങനെയാണ് നിലവിലെ ടിക്കറ്റ് സ്റ്റാറ്റസ്.