അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം
പ്രതിഷേധക്കാര്‍ ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറി, ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം. നടന്‍റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കം തല്ലിതകര്‍ത്തു. ഒപ്പം കല്ലുകളും തക്കാളിയുമൊക്കെ വീടിന് നേരെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലാണ്. പ്രതിഷേധക്കാര്‍ വീട് ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പുഷ്‌പ 2 സിനിമയുടെ പ്രീമിയര്‍ റിലീസിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറിയത്. യുവതിയുടെ കുടുംബത്തിന് പണം നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
മരിച്ച യുവതിയുടെ മകന് മസ്‌തിഷ്‌ക മരണം സംഭവിച്ചിരിക്കയാണ് . തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ ഒരുക്കാത്തതിന് തിയേറ്റര്‍ ജീവനക്കാര്‍ക്കും അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് പോലീസ് നരഹത്യ കേസ് ചുമത്തിയിട്ടുള്ളത്. അതേസമയം യുവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു.