ബിഡിജെഎസ് യുഡിഎഫിലേക്ക് ചേക്കേറാൻ നീക്കം
ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തേടുകയാണ് തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്. പാർട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കൾക്കും മുന്നണി മാറണമെന്ന വികാരമാണ്. എൻഡിഎയിൽ പാർട്ടി നേരിടുന്നത് കടുത്ത അവഗണനയാണെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തുഷാർ വെള്ളാപ്പള്ളിക്ക് മുന്നണി മാറ്റത്തോട് താത്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ നേതൃത്വവുമായുള്ള അടുപ്പമാണ് തൂഷാറിനെ എൻഡിഎയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ, പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന മുന്നണിയിൽ ലഭിക്കുന്നില്ലെന്ന് ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയിൽ അവഗണന സഹിച്ച് എന്തിന് തുടരണം എന്ന ചോദ്യമാണ് നേതാക്കൾ ഉയർത്തുന്നത്. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടന്നെന്നും റിപ്പോർട്ടുണ്ട്.
അടുത്തയിടെ തുഷാർ വെള്ളാപ്പള്ളിയുടെ അസാന്നിധ്യത്തിൽ ബി.ഡി.ജെ.എസ്. നേതൃയോഗം ചേർന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാൽ, ആ പരിഗണന ബി.ജെ.പി.യിൽനിന്ന് പാർട്ടിക്കു കിട്ടുന്നില്ലെന്നും ബിഡിജെഎസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം പാർട്ടിക്ക് ഗുണപ്പെടുത്താനായി മുന്നണി മാറ്റം വേണമെന്ന ആവശ്യം നേതാക്കൾ ഉയർത്തുന്നത്.