അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ/
എറണാകുളം: കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്നതിനിടയിൽ വൈറ്റിലയിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കുട്ടികൾക്ക് വെള്ളം കൊടുത്തിരുന്നത് വൃത്തിഹീനമായ ടാങ്കിൽ നിന്നാണെന്നും നാട്ടുകാർ പറഞ്ഞു.
കളമശേരിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുകയാണ്. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാല്പതോളം പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. കളമശ്ശേരി നഗരസഭയിലെ 10, 12 ,13 വാർഡുകളിലാണ് രോഗ വ്യാപനം.