മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍

0

 

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. ഇതിൽ 17 കുടുംബങ്ങളിൽ ആരും ജീവിച്ചിരിപ്പില്ല. അതിനാൽ 371 കുടുംബങ്ങളാകും ഗുണഭോക്താക്കളാകുക.

പട്ടികയിൽ പരാതിയുണ്ടെങ്കിൽ ജനുവരി 10 നുള്ളിൽ അറിയിക്കാൻ വയനാട് കലക്‌ടറേറ്റ് നിർദേശിച്ചു. വീട് ഒലിച്ചു പോയവർ, പൂർണമായും തകർന്നവർ, ഭാഗികമായും തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക.

2024 നവംബര്‍ 26ലെ ദുരന്ത നിവാരണ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരം തയ്യാറാക്കിയ കരട് ലിസ്‌റ്റ് ഡിഡിഎംഎയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചത്. കരട് ലിസ്‌റ്റ് കലക്‌ടറേറ്റ്, മാനന്തവാടി ആര്‍ഡിഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും എല്‍എസ്‌ജിഡിയുടെ lsgkerala.gov.in ജില്ലാ ഭരണ കൂടത്തിന്‍റെ wayanad.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക്‌ ലഭിക്കും.

പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോറഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഹരിതമിത്രം ആപ്പ്, കെഎസ്‌ഇബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്‌ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്‌സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.ഒന്നാംഘട്ട പുനരധിവാസത്തില്‍ ഉള്‍പ്പെടുന്നവരുടെ കരട് പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കലക്‌ടര്‍ക്കായിരുന്നു. സബ് കലക്‌ടര്‍ തയ്യാറാക്കുന്ന പട്ടിക മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയുമായി ഒത്തുനോക്കിയിരുന്നു. അതില്‍ ഒഴിവാക്കപ്പട്ടതും അധികമായി ഉള്‍പ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കി.

പിന്നീട് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഇന്ന് നടന്ന യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കരട് ലിസ്‌റ്റ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്‌തു. പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച പരാതികൾ 2025 ജനുവരി 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

പരാതികൾ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com എന്ന ഇമെയിലിലും സ്വീകരിക്കും. ഓഫിസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും.

കരട് പട്ടികയിലെ പരാതിയിന്മേൽ സബ് കലക്‌ടര്‍ സ്ഥലപരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരില്‍ കണ്ട് പരാതിയിൽ തീര്‍പ്പ് കല്‍പ്പിക്കും.

പരാതികൾ സ്വീകരിക്കുന്ന അവസാന തിയതി മുതല്‍ 30 ദിവസത്തിനകം ജില്ല ദുരന്തനിവാരണ അതോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സര്‍ക്കാരിലെ ദുരന്തനിവാരണ വകുപ്പില്‍ നല്‍കണം. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *